'അനാവശ്യമായ കാര്യങ്ങള്‍ പറയേണ്ട കാര്യമുണ്ടായിരുന്നോ?'; സഞ്ജുവിന്റെ പിതാവിനെതിരെ ആകാശ് ചോപ്ര

സഞ്ജു സെഞ്ച്വറി നേടിയതിന് പിന്നാലെ തന്റെ മകന്റെ കരിയര്‍ നശിപ്പിച്ചത് ധോണിയും കോഹ്‌ലിയും രോഹിത്തും ദ്രാവിഡുമായിരുന്നെന്ന് പിതാവ് സാംസണ്‍ വിശ്വനാഥ് ആരോപിച്ചിരുന്നു

dot image

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ പിതാവ് ആവശ്യമില്ലാത്ത കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ തന്റെ മകന്റെ കരിയര്‍ നശിപ്പിച്ചത് ധോണിയും കോഹ്‌ലിയും രോഹിത്തും ദ്രാവിഡുമായിരുന്നെന്ന് സാംസണ്‍ വിശ്വനാഥ് ആരോപിച്ചിരുന്നു. ഇത് വ്യാപകമായ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി വെക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സഞ്ജുവിന്റെ പിതാവിന്റെ ആരോപണങ്ങള്‍ക്കെതിരെ ചോപ്ര രംഗത്തെത്തിയത്.

'സഞ്ജു സാംസണിന്റെ അച്ഛന്‍ വളരെ രസകരമായ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. കോഹ്ലി, ധോണി, രോഹിത്, ദ്രാവിഡ് എന്നിവര്‍ തന്റെ മകന്റെ 10 വര്‍ഷത്തെ കരിയര്‍ നശിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയൊക്കെ പറയേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു' ആകാശ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവേയായിരുന്നു ചോപ്രയുടെ പ്രതികരണം.

അച്ഛന്മാര്‍ എപ്പോഴും സ്വന്തം മക്കളോട് പക്ഷപാതം കാണിക്കുമെന്ന് ഉദാഹരണസഹിതം ചോപ്ര വ്യക്തമാക്കി. 'ഞാനൊരു അച്ഛനായതുകൊണ്ട് തന്നെ എനിക്ക് പറയാന്‍ സാധിക്കും, പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നവരാണ് അച്ഛന്മാര്‍. നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ് നമ്മുടെ മക്കള്‍. അവരുടെ ഒരു കുറവും നമ്മള്‍ കാണുന്നില്ല. എന്റെ അച്ഛന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരിക്കണം. ആകാശിന് ഒരുപാട് അവസരങ്ങള്‍ ലഭിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹവും ഒരുപക്ഷേ പറഞ്ഞിരിക്കാം', ആകാശ് ചോപ്ര വ്യക്തമാക്കി. യോഗ് രാജ് സിങ്ങിന്റെയും യുവരാജ് സിങ്ങിന്റെയും കാര്യത്തില്‍ നമ്മള്‍ ഇത് കണ്ടതാണെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

'നിങ്ങളുടെ ഇത്തരം അഭിപ്രായങ്ങള്‍ മക്കളുടെ കരിയറില്‍ ഒരു സഹായവും ചെയ്യില്ല. ഒരു ശവക്കുഴി കുഴിച്ചാല്‍ നിങ്ങള്‍ക്ക് ഒരു അസ്ഥികൂടം മാത്രമാണ് ലഭിക്കുക. മറ്റൊന്നും കിട്ടാന്‍ പോകുന്നില്ല. ആ അസ്ഥികൂടം കൊണ്ട് നിങ്ങള്‍ എന്താണ് ചെയ്യുക? നിങ്ങളുടെ മകനെ നന്നായി കളിക്കാന്‍ അനുവദിക്കൂ. നിങ്ങളുടെ ജീവിതം സഞ്ജുവിന് വേണ്ടി മാത്രമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് നിങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നത്', ആകാശ് കൂട്ടിച്ചേര്‍ത്തു.

ടി20യില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികള്‍ സ്വന്തമാക്കി സഞ്ജു ചരിത്രം കുറിച്ചതിന് പിന്നാലെ ഒരു മലയാള മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പിതാവ് ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ ഇതിന് ശേഷം രണ്ട് മത്സരത്തിലും സഞ്ജു ഡക്കായി നിരാശപ്പെടുത്തിയതോടെ ഈ ആരോപണങ്ങള്‍ കൂടുതല്‍ ചര്‍ച്ചാവിഷയമാവുകയായിരുന്നു.

Content Highlights: Aakash Chopra on Sanju Samson's father blaming Dhoni, Kohli, Rohit and Dravid for harming his son's career

dot image
To advertise here,contact us
dot image