ഓസ്ട്രേലിയയ്ക്കെതിരെ ഈ മാസം ഒടുവിൽ ആരംഭിക്കുന്ന ബോർഡർ-ഗാവസ്കർ ട്രോഫി ക്രിക്കറ്റ് പരമ്പരയ്ക്ക് മുമ്പായി യുവതാരങ്ങളായ സായി സുദർശനോടും ദേവ്ദത്ത് പടിക്കലിനോടും ഓസ്ട്രേലിയയിൽ തുടരാൻ നിർദ്ദേശിച്ച് ബിസിസിഐ. ഓപണിങ് ബാറ്റർ ശുഭ്മൻ ഗില്ലിന്റെ കൈവിരലിന് പരിക്കേറ്റതിനെ തുടർന്നാണ് ഇന്ത്യൻ ടീം പകരക്കാരെ ആലോചിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം യുവതാരം ഗിൽ ആദ്യ ടെസ്റ്റിൽ കളിച്ചേക്കില്ല. ഫീൽഡിങ് പരിശീലനത്തിനിടെയാണ് ഗില്ലിന്റെ കൈവിരലിന് പരിക്കേറ്റത്.
നവംബർ 22 മുതലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് ആരംഭിക്കുക. ഡിസംബർ ആറിന് തുടങ്ങുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഗിൽ സുഖപ്പെടുമെന്നാണ് ഇന്ത്യൻ ടീമിന്റെ പ്രതീക്ഷ. ഓസ്ട്രേലിയ എയ്ക്കെതിരായ പരമ്പരയ്ക്കായാണ് പടിക്കലും സുദർശനനും ഓസ്ട്രേലിയയിൽ എത്തിയത്. പെർത്ത് ടെസ്റ്റിന് മുമ്പായി ഇന്ത്യൻ ടീമിലെ താരങ്ങൾക്കൊപ്പം ഇന്ത്യ എ ടീം പരിശീലനവും നടത്തും.
രണ്ടാം കുഞ്ഞിന്റെ പിറവിയെ തുടർന്ന് ഇന്ത്യൻ ക്യാപ്റ്റനും ഓപണിങ് ബാറ്ററുമായ രോഹിത് ശർമയും ആദ്യ ടെസ്റ്റിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. നിലവിൽ രോഹിത് മുംബൈയിൽ തുടരുകയാണ്. ഗിൽ കൂടി ഇല്ലെങ്കിൽ യശസ്വി ജയ്സ്വാളിനൊപ്പം കെ എൽ രാഹുൽ ഇന്ത്യൻ ഇന്നിംഗ്സ് ഓപൺ ചെയ്തേക്കും.
പരിശീലനത്തിനിടെ വിരാട് കോഹ്‍ലിക്കും വിരലിന് പരിക്കേറ്റിരുന്നു. എന്നാൽ വിദഗ്ധ പരിശോധനയിൽ കോഹ്‍ലിയ്ക്ക് പരിക്കില്ലെന്ന് വ്യക്തമായി. 2018ന് ശേഷം ആദ്യമായി ബോർഡർ-ഗാവസ്കർ ട്രോഫി സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഓസ്ട്രേലിയ. എന്നാൽ തുടർച്ചായ മൂന്നാം തവണയും ഓസ്ട്രേലിയൻ മണ്ണിൽ ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
Content Highlights: Devdutt Padikkal and Sai Sudharshan will be requsted by BCCI for stay in Australia