ഇന്ത്യൻ പ്രീമിയർ ലീഗ് 2025ന്റെ മെഗാലേലം നവംബർ 24, 25 തിയതികളിൽ നടക്കുക ഉച്ചയ്ക്ക് ശേഷം. ഇന്ത്യൻ സമയം മൂന്ന് മണിക്കാണ് താരലേലം ആരംഭിക്കുക. ഇതോടെ ബോർഡർ-ഗാവസ്കർ ട്രോഫിയും ഐപിഎൽ ലേലവും ഒരുപോലെ കാണാൻ സാധിക്കുമെന്ന ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. നവംബർ 22ന് തുടങ്ങുന്ന ഇന്ത്യ-ഓസീസ് ടെസ്റ്റിൻ്റെ മൂന്ന്, നാല് ദിവസങ്ങളിലാണ് താരലേലം നടക്കുകയെന്നതാണ് മറ്റൊരു പ്രത്യേകത. രാവിലെ 7.50ന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരം ഏകദേശം 3.30ഓടെയാണ് അവസാനിക്കും. ഇതേ സമയം താരലേലം ആരംഭിക്കും.
സൗദിയിലെ ജിദ്ദയിലാണ് ലേലം നടക്കുക. 1,574 താരങ്ങളാണ് ഐപിഎൽ ലേലത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1,165 താരങ്ങൾ ഇന്ത്യക്കാരാണ്. 409 വിദേശ താരങ്ങളും ലേലത്തിനെത്തും. 320 അന്താരാഷ്ട്ര താരങ്ങളാണ് ലേലത്തിനെത്തുന്നത്. 1,224 താരങ്ങൾ അൺക്യാപ്ഡ് പട്ടികയിലാണുള്ളത്. 30 താരങ്ങൾ അസോസിയേറ്റ് രാജ്യങ്ങളിൽ ഉൾപ്പെടുന്നവരാണ്.
ഏറ്റവും കൂടുതൽ വിദേശ താരങ്ങൾ ലേലത്തിൽ ഉൾപ്പെട്ടിരിക്കുന്നത് ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ്. 91 താരങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലേലത്തിന് പങ്കെടുക്കും. ഓസ്ട്രേലിയയിൽ നിന്ന് 76 താരങ്ങൾ ലേലത്തിന്റെ ഭാഗമാകും. ഇംഗ്ലണ്ടിൽ നിന്ന് 52 താരങ്ങളും മെഗാലേലത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
Content Highlights: IPL 2025 mega auction is in noon time, fans can watch live after bgt match