'തോൽവിക്ക് കാരണം നിർണായക ക്യാച്ചുകൾ വിട്ടുകളഞ്ഞത്'; പ്രതികരണവുമായി റിസ്വാൻ

പാകിസ്താനെതിരായ രണ്ടാം ട്വന്റി 20യിൽ 13 റൺസിന്റെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്.

dot image

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പാകിസ്താൻ നായകൻ മുഹമ്മദ് റിസ്വാൻ. നിർണായക ക്യാച്ചുകൾ വിട്ടുകളഞ്ഞതാണ് മത്സരത്തിലെ തോൽവിക്ക് കാരണമെന്ന് റിസ്വാൻ പറഞ്ഞു. ബൗളർമാർ നന്നായി പന്തെറിഞ്ഞു. ഓസ്ട്രേലിയയിൽ ബാറ്റ് ചെയ്യുക പ്രയാസമാണെന്ന് എല്ലാവർക്കും അറിയാം. ഇത്തരം സാഹചര്യങ്ങളിൽ ഫീൽഡർമാർക്ക് വലിയ റോളുണ്ട്. നഷ്ടപ്പെടുത്തിയ ക്യാച്ചുകളാണ് മത്സരഫലം മാറ്റിമറിച്ചതെന്നും റിസ്വാൻ പ്രതികരിച്ചു.

പാകിസ്താനെതിരായ രണ്ടാം ട്വന്റി 20യിൽ 13 റൺസിന്റെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. വിജയത്തോടെ ട്വന്റി 20 പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 19.4 ഓവറിൽ 134 റൺസിൽ എല്ലാവരും പുറത്തായി.

നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 32 റൺസെടുത്ത ഓപണിങ് ബാറ്റർ മാറ്റ് ഷോർട്ട് ആണ് ടോപ് സ്കോറർ. മധ്യനിരയിൽ ആരോൺ ഹാർഡി 28 റൺസും നേടി. ​ഗ്ലെൻ മാക്സ്‍വെൽ 21 റൺസും ജെയ്ക് ഫ്രെയ്സർ മ​ക്​ഗർ​ഗ് 20 റൺസും സംഭാവന ചെയ്തു. പാകിസ്താനായി ഹാരിസ് റൗഫ് നാലും അബാസ് അഫ്രീദി മൂന്നും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ പാകിസ്താനായി ഉസ്മാൻ ഖാൻ 52 റൺസും ഇർഫാൻ ഖാൻ പുറത്താകാതെ 36 റൺസും നേടി. ക്യാപ്റ്റൻ മുഹമ്മദ് റിസ്വാന് 16 റൺസാണ് നേടാനായത്. മറ്റാർക്കും പാകിസ്താൻ നിരയിൽ രണ്ടക്കം കടക്കാൻ സാധിക്കാതിരുന്നതോടെ പാകിസ്താന് മത്സരം കൈവിടേണ്ടി വന്നു. ഏകദിന പരമ്പരയിലെ തോൽവിക്ക് ശേഷം നടന്ന ട്വന്റി 20 പരമ്പരയിലെ വിജയം ഓസ്ട്രേലിയയ്ക്ക് ആശ്വാസമായി. ഓസ്ട്രേലിയയ്ക്കായി സ്പെൻസർ ജോൺസൺ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ 29 റൺസിന് പാകിസ്താനെ പരാജയപ്പെടുത്തിയിരുന്നു. അവസാന മത്സരം തിങ്കളാഴ്ച നടക്കും.

Content Highlights:  Mohammad Rizwan's Hapless Confession After Pakistan's T20I Series Loss vs Australia

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us