ഓസ്ട്രേലിയയ്ക്കെതിരെ ഈ മാസം ഒടുവിൽ ആരംഭിക്കുന്ന ബോർഡർ-ഗാവസ്കർ ട്രോഫി ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ പേസർ മുഹമ്മദ് ഷമിയെ ഉൾപ്പെടുത്തിയേക്കും. മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ 43.2 ഓവർ എറിഞ്ഞ മുഹമ്മദ് ഷമി ഏഴ് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇതോടെ താരം പൂർണ കായികക്ഷമത വീണ്ടെടുത്തുവെന്നാണ് വിലയിരുത്തൽ. പിന്നാലെയാണ് ഷമിക്ക് ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വേഗത്തിലുള്ള വിളി വന്നിരിക്കുന്നത്. പെർത്തിൽ നടക്കുന്ന ഒന്നാം ടെസ്റ്റിന് ശേഷമെ ഷമിയെ കളിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കൂ.
കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലിലാണ് മുഹമ്മദ് ഷമി അവസാനമായി കളിച്ചത്. കാലിന് പരിക്കേറ്റതിനെ തുടർന്ന് ഒരു വർഷമായി താരം ഗ്രൗണ്ടിന് പുറത്താണ്. ട്വന്റി 20 ലോകകപ്പും ഐപിഎല്ലും നഷ്ടമായി. ഈ വർഷം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ഷമി പരിശീലനത്തിന് ഇറങ്ങിയെങ്കിലും ഇന്ത്യൻ ടീമിൽ നിന്ന് വിളിവന്നിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റ് കളിച്ചതിന് ശേഷം ടീമിലേക്ക് പരിഗണിക്കാമെന്നായിരുന്നു ബിസിസിഐ നിലപാട്.
നവംബർ 22 മുതലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് ആരംഭിക്കുക. 2018ന് ശേഷം ആദ്യമായി ബോർഡർ-ഗാവസ്കർ ട്രോഫി സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഓസ്ട്രേലിയ. എന്നാൽ തുടർച്ചായ മൂന്നാം തവണയും ഓസ്ട്രേലിയൻ മണ്ണിൽ ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
Content Highlights: Mohammed Shami To Join Team India For Border-Gavaskar Trophy, Set To Leave For Australia With Rohit Sharma