ഓസ്ട്രേലിയയ്ക്കെതിരെ ഈ മാസം ഒടുവിൽ ആരംഭിക്കുന്ന ബോർഡർ-ഗാവസ്കർ ട്രോഫി ക്രിക്കറ്റ് പരമ്പരയ്ക്ക് മുമ്പായി ഇന്ത്യൻ ടീമിന് ആശങ്കയായി താരങ്ങൾ പരിക്കിന്റെ പിടിയിലാകുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം യുവതാരം ശുഭ്മൻ ഗിൽ ആദ്യ ടെസ്റ്റിൽ കളിച്ചേക്കില്ല. ഫീൽഡിങ് പരിശീലനത്തിനിടെ കൈവിരലിന് പരിക്കേറ്റതാണ് ഗില്ലിന്റെ ആദ്യ ടെസ്റ്റിലെ പങ്കാളിത്തം സംശയത്തിലാക്കുന്നത്.
നവംബർ 22 മുതലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് ആരംഭിക്കുക. പരിക്കിന്റെ പിടിയിലുള്ള ഗിൽ ആദ്യ ടെസ്റ്റിൽ കളിച്ചേക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റിനോട് അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു. ഡിസംബർ ആറിന് തുടങ്ങുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഗിൽ സുഖപ്പെടുമെന്നാണ് ഇന്ത്യൻ ടീമിന്റെ പ്രതീക്ഷ. രണ്ടാം കുഞ്ഞിന്റെ പിറവിയെ തുടർന്ന് ഇന്ത്യൻ ക്യാപ്റ്റനും ഓപണിങ് ബാറ്ററുമായ രോഹിത് ശർമയും ആദ്യ ടെസ്റ്റിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. നിലവിൽ രോഹിത് മുംബൈയിൽ തുടരുകയാണ്. ഗിൽ കൂടി ഇല്ലെങ്കിൽ യശസ്വി ജയ്സ്വാളിനൊപ്പം കെ എൽ രാഹുൽ ഇന്ത്യൻ ഇന്നിംഗ്സ് ഓപൺ ചെയ്തേക്കും.
പരിശീലനത്തിനിടെ വിരാട് കോഹ്‍ലിക്കും വിരലിന് പരിക്കേറ്റിരുന്നു. എന്നാൽ വിദഗ്ധ പരിശോധനയിൽ കോഹ്‍ലിയ്ക്ക് പരിക്കില്ലെന്ന് വ്യക്തമായി. 2018ന് ശേഷം ആദ്യമായി ബോർഡർ-ഗാവസ്കർ ട്രോഫി സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഓസ്ട്രേലിയ. എന്നാൽ തുടർച്ചായ മൂന്നാം തവണയും ഓസ്ട്രേലിയൻ മണ്ണിൽ ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
Content Highlights: Shubman Gill is doubtful for the first test due to injury scare