'മറ്റു ടീമുകളെയും താരങ്ങളെയും കുറിച്ച് അഭിപ്രായം പറയരുതെന്ന് നിയമമൊന്നും ഇല്ലല്ലോ'; ഗംഭീറിനെതിരെ വോണ്‍

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ ഒരു കളി തോറ്റാല്‍ പോണ്ടിങ് എങ്ങനെ പ്രതികരിക്കും എന്നത് രസകരമായിരിക്കുമെന്നും വോണ്‍ ഗംഭീറിന് മുന്നറിയിപ്പ് നല്‍കി

dot image

ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്ങിനെതിരെ ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ തുറന്നടിച്ച് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ മോശം പ്രകടനത്തെ പോണ്ടിങ് വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് ഗംഭീറും പോണ്ടിങ്ങും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് ആശങ്കപ്പെടുന്നതിന് പകരം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കണമെന്നാണ് ഗംഭീര്‍ പോണ്ടിങ്ങിന് മറുപടിയായി പറഞ്ഞത്. എന്നാല്‍ മറ്റ് ടീമുകളെക്കുറിച്ചോ കളിക്കാരെക്കുറിച്ചോ സംസാരിക്കാന്‍ പാടില്ലെന്ന് നിയമമില്ലെന്നാണ് പോണ്ടിങ്ങിനെ പ്രതിരോധിച്ചുകൊണ്ട് വോണ്‍ ഗംഭീറിന് മറുപടി നല്‍കിയത്.

'ഇന്ത്യയുടെ മുഖ്യ പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറിനെ കാണുന്നത് എനിക്ക് ഇഷ്ടമാണ്. വളരെ രസകരമായ വ്യക്തിത്വമുള്ളയാളാണ് ഗംഭീര്‍. എന്നാല്‍ പോണ്ടിങ്ങിനെക്കുറിച്ച് ഗംഭീര്‍ പറഞ്ഞത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. ഒരു മുന്‍ താരത്തോട് ഒരു പ്രത്യേക ടീമിനെയോ കളിക്കാരനെയോ കുറിച്ച് സംസാരിക്കരുതെന്ന് പറയാന്‍ ഒരു നിയമവുമില്ല', വോണ്‍ തുറന്നടിച്ചു.

'ഓസീസ് ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് ഞങ്ങള്‍ക്ക് അഭിപ്രായം പറയേണ്ടിവരും. അങ്ങനെയെങ്കില്‍ ഗംഭീറിന്റെ യുക്തിപ്രകാരം ഞാന്‍ ഓസ്‌ട്രേലിയ വിട്ട് ഇംഗ്ലണ്ടിലേക്ക് മടങ്ങണം', വോണ്‍ പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരെ ഗംഭീറിന് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നും ഇന്ത്യ ഒരു കളി തോറ്റാല്‍ പോണ്ടിംഗ് എങ്ങനെ പ്രതികരിക്കും എന്നത് രസകരമായിരിക്കുമെന്നും അദ്ദേഹം ഗംഭീറിന് മുന്നറിയിപ്പ് നല്‍കി.

Content Highlights: Michael Vaughan joins hand with Ricky Ponting to criticize Gautam Gambhir

dot image
To advertise here,contact us
dot image