'ഇന്ത്യന്‍ ടീമിന്‍റെ ഇപ്പോഴത്തെ പ്രശ്നം കോഹ്‌ലിയുടെ ഫോമല്ല, ഗംഭീറാണ്'; തുറന്നടിച്ച് ടിം പെയ്ന്‍

'വിരാട് കോഹ്‌ലിയെ കുറിച്ച് പോണ്ടിങ്ങിന്റെ പരാമര്‍ശത്തിന് ഗംഭീര്‍ നല്‍കിയ മറുപടി എനിക്ക് ഇഷ്ടപ്പെട്ടില്ല'

dot image

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യന്‍ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്‌ലിയുടെ ഫോമിനെ കുറിച്ച് മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ്ങിനെതിരെ ഗംഭീര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പെയ്‌നും ഇന്ത്യന്‍ പരിശീലകനെതിരെ രംഗത്തെത്തിയത്.

ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ചാവാന്‍ ഗംഭീര്‍ യോഗ്യനല്ലെന്നാണ് പെയ്ന്‍ ആരോപിച്ചത്. അദ്ദേഹം ഇപ്പോഴും തനിക്കെതിരെ കളിക്കുന്ന താരമായാണ് പോണ്ടിങ്ങിനെ കാണുന്നതെന്നും പെയ്ന്‍ കുറ്റപ്പെടുത്തി. കോച്ച് ഇങ്ങനെ തന്നെയാണ് മുന്നോട്ടുപോവാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ വിജയങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ ടീം ബുദ്ധിമുട്ടേണ്ടിവരുമെന്നും പെയ്ന്‍ പറഞ്ഞു.

'വിരാട് കോഹ്‌ലിയെ കുറിച്ച് പോണ്ടിങ്ങിന്റെ പരാമര്‍ശത്തിന് ഗംഭീര്‍ നല്‍കിയ മറുപടി എനിക്ക് ഇഷ്ടപ്പെട്ടില്ല. അതൊരു നല്ല ലക്ഷണമാണെന്ന് ഞാന്‍ കരുതുന്നുമില്ല. കാരണം റിക്കി വളരെ ലളിതമായ ഒരു ചോദ്യമാണ് ഗംഭീറിനോട് ചോദിച്ചത്. പക്ഷേ ഗംഭീര്‍ ഇപ്പോഴും റിക്കിയെ തന്റെ എതിരെ കളിക്കുന്ന ഒരാളായിട്ടാണ് കാണുന്നത്. എന്നാല്‍ ഇന്ന് റിക്കി പോണ്ടിങ് ഒരു കമന്റേറ്ററാണ്. തന്റെ അഭിപ്രായങ്ങള്‍ പറയുന്നതിന് പ്രതിഫലം ലഭിക്കുന്നയാളാണ്. ഇവിടെ കൃത്യമായ അഭിപ്രായം മാത്രമാണ് പോണ്ടിങ് പറഞ്ഞത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിരാട് കോഹ്‌ലി മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. മാത്രമല്ല അദ്ദേഹത്തിന്റെ ഫോം വലിയ ആശങ്ക തന്നെയാണ്. പക്ഷേ ഇന്ത്യയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്ക രോഹിത് ശര്‍മയുടെയോ വിരാട് കോഹ്‌ലിയുടെയോ ബാറ്റിങ് അല്ല. മറിച്ച് അവരുടെ കോച്ചും സമ്മര്‍ദ്ദഘട്ടങ്ങളില്‍ ശാന്തതയോടെ പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവുമാണ്', പെയ്ന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയുമായി താരതമ്യം ചെയ്ത പെയ്ന്‍ ഗംഭീര്‍ ഇന്ത്യയ്ക്ക് അനുയോജ്യനായ കോച്ചല്ലെന്നും ആരോപിച്ചു. 'ഓസീസ് മണ്ണില്‍ കഴിഞ്ഞ രണ്ട് പരമ്പരകളില്‍ വിജയം സ്വന്തമാക്കിയപ്പോഴും രവി ശാസ്ത്രിയായിരുന്നു ഇന്ത്യയുടെ പരിശീലകന്‍. അദ്ദേഹം മികച്ച പരിശീലകനാണ്. കൃത്യമായ ഒരു അന്തരീക്ഷം ടീമിനുള്ളില്‍ ശാസ്ത്രി സൃഷ്ടിച്ചെടുത്തു. താരങ്ങളെ കൂടുതല്‍ കരുത്തരാക്കി. കൃത്യമായി പ്രചോദനം നല്‍കി ടീമിനെ ഉയര്‍ത്തിക്കൊണ്ടു വരാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.''

എന്നാല്‍ ഇന്ത്യയ്ക്ക് ഒരു പുതിയ കോച്ചിനെ ലഭിച്ചിരിക്കുകയാണ്. അദ്ദേഹം വളരെ കര്‍ക്കശക്കാരനായ മത്സര ബുദ്ധിയുമുള്ള ഒരു കോച്ച്. ഒരു പരിശീലകന് പറ്റിയ രീതിയാണ് അതെന്ന് ഞാന്‍ കരുതുന്നില്ല. ഗംഭീര്‍ ഇന്ത്യന്‍ ടീമിന് ഫിറ്റായ ഒരു പരിശീലകനാണ് എന്ന് ഞാന്‍ ഇപ്പോഴും കരുതുന്നില്ല', പെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Tim Paine says coach Gautam Gambhir not a great fit for Indian team

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us