ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്‌ലിയുമായി വ്യക്തിപരമായ വിരോധം ഉണ്ടായിരുന്നുവെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍. നിരവധി ടെസ്റ്റ് മത്സരങ്ങളില്‍ വിരാട് കോഹ്‌ലിയും മിച്ചല്‍ ജോണ്‍സണും തമ്മില്‍ വാക്കേറ്റമുണ്ടായിട്ടുണ്ട്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യന്‍ താരവുമായുള്ള തീവ്രമായ വാക്കേറ്റങ്ങള്‍ അനുസ്മരിക്കുകയായിരുന്നു ജോണ്‍സണ്‍.
2014-15 ലെ ഓസീസ് പരമ്പരയിലാണ് കോഹ്‌ലിയുമായി വാക്കുകൊണ്ടുള്ള പോരാട്ടങ്ങള്‍ ആരംഭിച്ചതെന്നാണ് ജോണ്‍സണ്‍ പറയുന്നത്. ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ തന്നെ കോഹ്‌ലിയെ പ്രകോപിപ്പിക്കാനും പുറത്താക്കാനും ഓസ്‌ട്രേലിയ പദ്ധതിയിട്ടിരുന്നെന്നും ജോണ്‍സണ്‍ തുറന്നുപറഞ്ഞു. വ്യക്തിപരമായി വിരോധം ഉണ്ടായിരുന്നെങ്കിലും കോഹ്‌ലിയുമായുള്ള മത്സരം ആസ്വദിച്ചിരുന്നെന്നും പേസര്‍ പറഞ്ഞു.
THE SUNDAY TIMES feature Mitchell Johnson’s views on his rivalry with Virat Kohli.👌 pic.twitter.com/3mVoLrZRLS
— CricTalkxRaj (@CricTalk29) November 17, 2024
'2014-15 ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്റ്റിലാണ് ഞങ്ങള്‍ തമ്മിലുള്ള പ്രശ്നം ഉടലെടുത്തത്. റണ്ണൗട്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ഞാന്‍ എറിഞ്ഞ പന്ത് കോഹ്‌ലിയുടെ ദേഹത്ത് തട്ടി. അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടില്ല. ആ രാത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കോഹ്‌ലി എന്നെകുറിച്ച് ഒരുപാട് ആരോപണങ്ങള്‍ ഉന്നയിച്ചു. പിന്നീട് ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ തന്നെ കോഹ്‌ലിയെ പ്രകോപിതനാക്കുകയും പുറത്താക്കുകയുമായിരുന്നു ഞങ്ങളുടെ ലക്ഷ്യം', ജോണ്‍സണ്‍ പറഞ്ഞു.
'വളരെ പബ്ലിക്കായി തന്നെ കോഹ്‌ലിയോട് എനിക്ക് വ്യക്തിപരമായി വിരോധം ഉണ്ടായിരുന്നു. കോഹ്‌ലിയും ഞാനും തമ്മില്‍ കളിക്കളത്തിനുള്ളില്‍ ഒരുപാട് തവണ വാക്കേറ്റമുണ്ടായിരുന്നു. അത് ഞാന്‍ ആസ്വദിക്കുകയും ചെയ്തിരുന്നു. കളിക്കളത്തിന് പുറത്തുള്ള കോഹ്‌ലിയെ എനിക്ക് അറിയില്ലെങ്കിലും കളിക്കളത്തിനകത്ത് ഞങ്ങള്‍ നല്ല മത്സരം കാഴ്ച വെച്ചിരുന്നു. ചില വാക്കേറ്റങ്ങളില്‍ ഞാന്‍ നന്നായി അസ്വസ്ഥനാവാറുണ്ട്. പക്ഷേ അദ്ദേഹം എനിക്കെതിരെ തിരിയുന്നത് എപ്പോഴും ഞാന്‍ ആസ്വദിച്ചിരുന്നു', ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: BGT Series: 'Had Personal Rivalry With Him', Mitchell Johnson recalls battles with Virat Kohli