'കോഹ്‌ലി ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ച്വറിയടിക്കണം'; ആരാധകരെ ഞെട്ടിച്ച് മുന്‍ ഓസീസ് താരം

ഓസീസ് മണ്ണില്‍ ഇംപാക്ട് ഉണ്ടാക്കിയ വളരെ കുറച്ച് താരങ്ങളില്‍ ഒരാളാണ് കോഹ്‌ലിയെന്നും മുന്‍ ഓസീസ് പേസര്‍

dot image

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി സെഞ്ച്വറി നേടണമെന്ന് മുന്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണ്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ജോണ്‍സണ്‍ പ്രത്യേക ആവശ്യവുമായി രംഗത്തെത്തിയത്. നിരവധി ടെസ്റ്റ് മത്സരങ്ങളില്‍ കോഹ്‌ലിയുമായി വാക്കേറ്റമുണ്ടായിട്ടുള്ള താരമാണ് ജോണ്‍സണ്‍. അതുകൊണ്ട് തന്നെ ജോണ്‍സണിന്റെ വാക്കുകള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

ഓസീസ് മണ്ണില്‍ ഇംപാക്ട് ഉണ്ടാക്കിയ വളരെ കുറച്ച് താരങ്ങളില്‍ ഒരാളാണ് കോഹ്‌ലിയെന്നും ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു.' ഒരുപക്ഷേ 36കാരനായ കോഹ്‌ലി ഓസ്‌ട്രേലിയന്‍ മണ്ണില്‍ കളിക്കുന്ന അവസാനത്തെ ടെസ്റ്റ് പരമ്പരയായിരിക്കും ഇത്. ഓസ്‌ട്രേലിയയിലെത്തി സ്വാധീനം ചെലുത്തിയിട്ടുള്ള ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് അദ്ദേഹം', ജോണ്‍സണ്‍ തുറന്നുപറഞ്ഞു.

'നിലവില്‍ ഫോമിലല്ലാത്ത കോഹ്‌ലി സമ്മര്‍ദ്ദത്തിലായിരിക്കും കളിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാനോ, ആ സാഹചര്യത്തെ മറികടക്കാനോ അദ്ദേഹത്തിന് സാധിക്കുമോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഓസ്‌ട്രേലിയയില്‍ കോഹ്‌ലി സെഞ്ച്വറിയടിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്', ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

നിർണായകമായ ഓസീസ് പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ സമീപകാലത്തെ കോഹ്‍ലിയുടെ മോശം ഫോമിലാണ് ആരാധകരുടെ ആശങ്ക. കഴിഞ്ഞ ബം​ഗ്ലാദേശ്, ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരകളിലെ 10 ഇന്നിം​ഗ്സുകളിലായി വിരാട് കോഹ്‍ലിക്ക് 192 റൺസ് മാത്രമാണ് നേടാനായത്. താരത്തിന്റെ മോശം ഫോമിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. നവംബർ 22ന് പെർത്തിൽ ആരംഭിക്കുന്ന ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ കോഹ്‍ലി തന്റെ മികവിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനും ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ. അപ്പോൾ ഇന്ത്യയുടെ വിജയശതമാനം 65.79 ആയി ഉയരും. അങ്ങനെയെങ്കിൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ പുറത്തായേക്കും. ശ്രീലങ്ക, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ രണ്ടാം സ്ഥാനത്തിനായി മത്സരിക്കും.

Content Highlights: Mitchell Johnson wants Virat Kohli to score Century in Border-Gavaskar Trophy 2024

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us