ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ ഇന്ത്യ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ താരം സൗരവ് ഗാംഗുലി. ആദ്യ മത്സരം നടക്കുന്ന പെര്‍ത്തിലെ പിച്ച് സ്പിന്നര്‍മാരെ അനുകൂലിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ ഒരു സ്പിന്നറെ മാത്രമാണ് ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളത്. ഓള്‍റൗണ്ടറായ ജഡേജയെയായിരിക്കും ഇന്ത്യ ഇവനില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ ജഡേജയ്ക്ക് പകരം അശ്വിനെയാണ് ഇന്ത്യ ഇറക്കേണ്ടതെന്ന് പറയുകയാണ് ഗാംഗുലി.
'ഓസ്‌ട്രേലിയയ്‌ക്കെതിരെ രവിചന്ദ്രന്‍ അശ്വിന്‍ എന്തായാലും കളിക്കണം. അക്കാര്യത്തില്‍ ഒരു ചര്‍ച്ചയുടെയോ സംവാദത്തിന്റെയോ ആവശ്യമില്ല. ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നറാണ് അശ്വിന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ സ്‌പെഷ്യലിസ്റ്റുകളെ കളിപ്പിക്കണം. കൂടാതെ ഓസീസ് നിരയിലെ ഇടംകൈയ്യന്മാര്‍ക്കെതിരെ അശ്വിന്‍ തീര്‍ച്ചയായും സ്വാധീനമുണ്ടാക്കും', ഗാംഗുലി വ്യക്തമാക്കി.
ന്യൂസിലാന്‍ഡിനെതിര ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ കാര്യമായ പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കാത്ത അശ്വിനെ പെര്‍ത്ത് ടെസ്റ്റിലും കളത്തിലിറക്കില്ലെന്നാണ് കരുതുന്നത്. ന്യൂസിലാന്‍ഡിനെതിരായ മൂന്ന് ടെസ്റ്റുകളിലും പന്തെറിഞ്ഞ അശ്വിന്‍ 10 വിക്കറ്റുകള്‍ പോലും നേടിയിട്ടില്ല.
അതേസമയം നവംബര്‍ 22നാണ് ഓസീസ് പരമ്പര ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനും ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ. അപ്പോൾ ഇന്ത്യയുടെ വിജയശതമാനം 65.79 ആയി ഉയരും. അങ്ങനെയെങ്കിൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ പുറത്തായേക്കും. ശ്രീലങ്ക, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ രണ്ടാം സ്ഥാനത്തിനായി മത്സരിക്കും.
Content Highlights: Sourav Ganguly says Ravichandran Ashwin must play in the Border Gavaskar Trophy series opener against Australia