ഓസ്‌ട്രേലിയയ്‌ക്കെതിരായ നിര്‍ണായക ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ച് മുന്‍ പാകിസ്താന്‍ താരം ബാസിത് അലി. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ആരംഭിക്കുന്ന പെര്‍ത്തില്‍ ടീം ഇന്ത്യ അതീവ രഹസ്യമായി പരിശീലനം നടത്തുന്നത് വാര്‍ത്തയായിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ആത്മവിശ്വാസക്കുറവാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നാണ് ബാസിത് അലിയുടെ ആരോപണം.
'ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒട്ടും ആത്മവിശ്വാസമില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. അവര്‍ വളരെ രഹസ്യമായാണ് പരിശീലനം നടത്തുന്നത്. അടച്ചിട്ട സ്റ്റേഡിയങ്ങള്‍ക്കുള്ളിലാണ് പരിശീലിക്കുന്നത്. ഇക്കാര്യം തുറന്നുപറയുന്നതില്‍ വളരെ സങ്കടമുണ്ട്. ഇത്തരത്തിലുള്ള നിര്‍ണായക പരമ്പരയ്ക്ക് വേണ്ടി തയ്യാറെടുക്കേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നില്ല. പരമ്പര തുടങ്ങുന്നതിന് 12 ദിവസമോ 12 മാസമോ മുന്‍പ് എത്തിയിട്ടും ഇങ്ങനെ പരിശീലിക്കുന്നതില്‍ അര്‍ത്ഥമില്ല. അതല്ല ശരിയായ രീതി. ഓസീസ് ബൗളിങിനെ അതിജീവിക്കണമെങ്കില്‍ ഓസ്ട്രേലിയന്‍ ടീമുകള്‍ക്കെതിരെ നിങ്ങള്‍ സന്നാഹ മത്സരങ്ങള്‍ കളിക്കണമായിരുന്നു', ബാസിത് അലി തുറന്നുപറഞ്ഞു.
ഓസ്‌ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഒരു പരിശീലനമത്സരവും കളിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം തീരുമാനിച്ചിരുന്നു. എന്നാൽ പെര്‍ത്തില്‍ രഹസ്യപരിശീലന ക്യാംപില്‍ പങ്കെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പെര്‍ത്തിലെ ഡബ്ല്യുഎസിഎ ഗ്രൗണ്ട് താത്കാലികമായി അടച്ചിട്ടിരിക്കുകയാണെന്നും പരിശീലന സെഷനുകള്‍ മറച്ചുവയ്ക്കാന്‍ കാണികള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ടെന്നുമായിരുന്നു പുറത്തുവന്ന വാർത്തകൾ.
Rishabh Pant and Yashasvi Jaiswal having a hit in the WACA nets. India’s first training session of their tour. No sign of Virat Kohli yet pic.twitter.com/mxXy0SqgcL
— Tristan Lavalette (@trislavalette) November 12, 2024
നവംബര്‍ 22നാണ് ഓസീസ് പരമ്പര ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനും ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ. അപ്പോൾ ഇന്ത്യയുടെ വിജയശതമാനം 65.79 ആയി ഉയരും. അങ്ങനെയെങ്കിൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ പുറത്തായേക്കും. ശ്രീലങ്ക, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ രണ്ടാം സ്ഥാനത്തിനായി മത്സരിക്കും.
Content Highlights: Basit Ali unimpressed by India's tactics ahead of 2024-25 Border-Gavaskar Trophy