ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നേ പോര്‍മുഖം തുറന്ന് ഓസീസ് സൂപ്പര്‍ സ്പിന്നർ നഥാന്‍ ലിയോണ്‍. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് ലിയോണ്‍ പറഞ്ഞു. കോഹ്‌ലി ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണെന്നും അദ്ദേഹത്തെ എഴുതിത്തള്ളാന്‍ കഴിയില്ലെന്നും ലിയോണ്‍ പറഞ്ഞു.
'ഓസ്‌ട്രേലിയയ്‌ക്കെതിരെ വിരാട് കോഹ്‌ലിക്ക് മികച്ച റെക്കോര്‍ഡുകളാണുള്ളത്. ചാമ്പ്യന്മാരെ നിങ്ങള്‍ക്ക് എഴുതിത്തള്ളാനാവില്ല. എനിക്ക് വിരാട് കോഹ്‌ലിയോട് ബഹുമാനമുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അക്കാര്യം മറച്ചുവെക്കുന്നതില്‍ കാര്യമില്ല. കോഹ്‌ലിയെ പുറത്താക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് അറിയാം. കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ബാറ്റര്‍മാരാണ് കോഹ്‌ലിയും സ്റ്റീവ് സ്മിത്തും. കോഹ്‌ലിക്കെതിരെ മത്സരിക്കുന്നത് ഞാന്‍ ആസ്വദിച്ചിരുന്നു', പരമ്പരയ്ക്ക് മുന്നോടിയായി ലിയോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
Virat Kohli vs Nathan Lyon in Tests
— Sportstar (@sportstarweb) November 19, 2024
Balls faced - 1028
Runs scored - 529
Wicket lost - 7 times
Average - 75.57
Who's going to win the battle this time? #CricketTwitter #INDvsAUS pic.twitter.com/5U6oxnfV7J
ഇന്ത്യന്‍ ടീമിനെ കുറിച്ചും ലിയോണ്‍ പറഞ്ഞു. 'ഇന്ത്യ എക്കാലത്തെയും അപകടകാരിയായ ടീമാണ്. അവരുടെ ടീമില്‍ സൂപ്പര്‍ സ്റ്റാറുകള്‍ മാത്രമാണുള്ളത്. പരിചയസമ്പന്നരായ സീനിയര്‍ താരങ്ങളും കഴിവുള്ള യുവതാരങ്ങളുമാണ് ഇന്ത്യന്‍ ടീമിലുള്ളത്. അവരെ ഒരിക്കലും നിങ്ങള്‍ക്ക് നിസ്സാരമായി കാണാനാവില്ല. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഫലം എന്നെ അത്ഭുതപ്പെടുത്തി. പക്ഷേ ഞങ്ങള്‍ക്കെതിരെ ഇന്ത്യ അവരുടെ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് കരുതുന്നു', ലിയോണ്‍ കൂട്ടിച്ചേര്‍ത്തു.
ഓസീസ് പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ സമീപകാലത്തെ കോഹ്‍ലിയുടെ മോശം ഫോമിലാണ് ആരാധകരുടെ ആശങ്ക. കഴിഞ്ഞ ബംഗ്ലാദേശ്, ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരകളിലെ 10 ഇന്നിംഗ്സുകളിലായി വിരാട് കോഹ്‍ലിക്ക് 192 റൺസ് മാത്രമാണ് നേടാനായത്. താരത്തിന്റെ മോശം ഫോമിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. നവംബർ 22ന് പെർത്തിൽ ആരംഭിക്കുന്ന ബോർഡർ-ഗാവസ്കർ ട്രോഫിയിൽ കോഹ്‍ലി തന്റെ മികവിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനും ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ. അപ്പോൾ ഇന്ത്യയുടെ വിജയശതമാനം 65.79 ആയി ഉയരും. അങ്ങനെയെങ്കിൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ പുറത്തായേക്കും. ശ്രീലങ്ക, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ രണ്ടാം സ്ഥാനത്തിനായി മത്സരിക്കും.
Content Highlights: Border-Gavaskar Trophy: Nathan Lyon Challenges Virat Kohli