ഓസീസ് തന്ത്രങ്ങളെ എങ്ങനെ നേരിടണമെന്ന് കോഹ്‌ലിക്ക് നന്നായി അറിയാം: സഞ്ജയ് മഞ്ജരേക്കർ

നവംബർ 22ന് പെർത്തിൽ ആരംഭിക്കുന്ന ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ കോഹ്‍ലി തന്റെ മികവിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ

dot image

നിര്‍ണായകമായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ നേരിടാനിറങ്ങുന്ന ഓസ്‌ട്രേലിയ വിരാട് കോഹ്‌ലിയെ തളയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. എന്നാല്‍ തനിക്കെതിരെ ഓസീസ് ബൗളര്‍മാര്‍ പ്രയോഗിക്കാനിടയുള്ള തന്ത്രങ്ങളെ കുറിച്ച് കോഹ്‌ലിക്ക് ബോധ്യമുണ്ടെന്നും മഞ്ജരേക്കര്‍ പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഓസ്‌ട്രേലിയയില്‍ കോഹ്‌ലി നേരിട്ടേക്കാവുന്ന വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച ചെയ്തത്.

'ഓസ്ട്രേലിയ തനിക്കെതിരെ ആസൂത്രണം ചെയ്യാന്‍ പോകുന്നതിനെ കുറിച്ചുള്ള കൃത്യമായ ബോധ്യം കോഹ്‌ലിക്ക് ഉണ്ട്. ഓഫ് സ്റ്റമ്പിന് പുറത്ത് പന്ത് എറിഞ്ഞ് കോഹ്‌ലിയുടെ മാനസികാവസ്ഥ അളക്കാന്‍ ഓസീസ് ബൗളര്‍മാര്‍ ശ്രമിച്ചേക്കും. കോഹ്‌ലി ഓഫ് സ്റ്റമ്പിന് പുറത്ത് പോകുന്ന പന്തുകള്‍ വെറുതെ വിടുകയും അല്ലാത്ത പന്തുകള്‍ ഡ്രൈവ് ചെയ്യാനുമാണ് ശ്രമിക്കുന്നത്', മഞ്ജരേക്കര്‍ വ്യക്തമാക്കി.

'മുന്നോട്ടു കയറി കളിക്കാന്‍ കോഹ്‌ലി ആഗ്രഹിക്കുന്ന സമയത്ത് അതിന് അനുവദിക്കാതെ ബോഡി ലൈന്‍ നോക്കി ആക്രമണം അഴിച്ചുവിടാന്‍ ഓസ്ട്രേലിയന്‍ ബൗളിങ് നിര ശ്രമിച്ചേക്കും. ഈ തന്ത്രം ന്യൂസിലാന്‍ഡ് ഫലപ്രദമായി ഉപയോഗിച്ചിട്ടുള്ളതാണ്. കോഹ്‌ലി ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍, ജോഷ് ഹേസല്‍വുഡ് മിഡില്‍ സ്റ്റമ്പിന് നേരെയുള്ള ലൈനില്‍ പന്തെറിയാന്‍ ലക്ഷ്യമിട്ടേക്കാം. ഇങ്ങനെ വിവിധ തന്ത്രങ്ങള്‍ ഓസ്‌ട്രേലിയ പരീക്ഷിക്കും. കോഹ്‌ലിക്ക് അതിനെക്കുറിച്ച് നന്നായി അറിയാം', സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

Virat Kohli Ahead Of Border-Gavaskar Trophy

ഓസീസ് പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ സമീപകാലത്തെ കോഹ്‍ലിയുടെ മോശം ഫോമിലാണ് ആരാധകരുടെ ആശങ്ക. കഴിഞ്ഞ ബം​ഗ്ലാദേശ്, ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരകളിലെ 10 ഇന്നിം​ഗ്സുകളിലായി വിരാട് കോഹ്‍ലിക്ക് 192 റൺസ് മാത്രമാണ് നേടാനായത്. താരത്തിന്റെ മോശം ഫോമിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. നവംബർ 22ന് പെർത്തിൽ ആരംഭിക്കുന്ന ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ കോഹ്‍ലി തന്റെ മികവിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനും ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ. അപ്പോൾ ഇന്ത്യയുടെ വിജയശതമാനം 65.79 ആയി ഉയരും. അങ്ങനെയെങ്കിൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ പുറത്തായേക്കും. ശ്രീലങ്ക, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ രണ്ടാം സ്ഥാനത്തിനായി മത്സരിക്കും.

Content Highlights: Virat Kohli Well Aware Of Australia's Tactics Sanjay Manjrekar says Ahead Of Border-Gavaskar Trophy

dot image
To advertise here,contact us
dot image