'ആദ്യം അയാളൊന്ന് പരാജയപ്പെടട്ടെ, എന്നിട്ട് എഴുതിത്തള്ളാം'; സര്‍ഫറാസിനെ പിന്തുണച്ച് ഗാംഗുലി

നവംബര്‍ 22നാണ് ഓസീസ് പരമ്പര ആരംഭിക്കുന്നത്

dot image

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യന്‍ യുവതാരം സര്‍ഫറാസ് ഖാന് ഉറച്ച പിന്തുണയുമായി മുന്‍ താരം സൗരവ് ഗാംഗുലി. ടെസ്റ്റ് പരമ്പരയില്‍ നിര്‍ണായകമായ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ സര്‍ഫറാസിന് സ്ഥാനം ലഭിക്കില്ലെന്നുള്ള റിപ്പോർട്ടുകൾക്കിടെയാണ് ഗാംഗുലിയുടെ പ്രതികരണം. ആഭ്യന്തര ക്രിക്കറ്റില്‍ കഴിവുതെളിയിച്ചിട്ടുള്ള താരമാണ് സര്‍ഫറാസ്. താരത്തെ ഇത്ര നേരത്തെ എഴുതിത്തള്ളരുതെന്നും അദ്ദേഹത്തിന് ഓസീസിനെതിരെ തന്റെ കഴിവ് തെളിയിക്കാന്‍ അവസരം നല്‍കണമെന്നും ഗാംഗുലി പറഞ്ഞു.

'സര്‍ഫറാസിന്റെ പ്രകടനത്തെ കുറിച്ച് അറിയണമെങ്കില്‍ അദ്ദേഹത്തിന് അവസരം നല്‍കണം. അവസരം നല്‍കാതെ ഒരു കളിക്കാരനെ കുറിച്ച് എങ്ങനെയാണ് നിങ്ങള്‍ക്ക് എന്തെങ്കിലും പറയാന്‍ കഴിയുക? അദ്ദേഹം ആദ്യം പരാജയപ്പെടട്ടെ, എന്നിട്ട് തള്ളിപ്പറയാം. ആഭ്യന്തരക്രിക്കറ്റില്‍ ഒരുപാട് റണ്‍സ് അടിച്ചുകൂട്ടിയാണ് സര്‍ഫറാസ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയെടുത്തത്. അത് ആരും അവന് കൊടുത്തതല്ല. അതുകൊണ്ട് അവസരം നല്‍കുന്നതിന് മുന്‍പ് സര്‍ഫറാസിനെ എഴുതിത്തള്ളരുത്', ഗാംഗുലി വ്യക്തമാക്കി.

'സര്‍ഫറാസ് മികച്ച പ്രകടനമാണോ മോശം പ്രകടനമാണോ കാഴ്ചവെക്കുന്നതെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ അവന് ഒരു അവസരം തീര്‍ച്ചയായും നല്‍കണം. അങ്ങനെ ചെയ്യാതെ അവനെ വെറുതെ വിലയിരുത്തരുത്', ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം ന്യൂസിലന്‍ഡിനെതിരെ നടന്ന ബെംഗളൂരു ടെസ്റ്റില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്തതാണ് സര്‍ഫറാസിന് ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടമൊരുക്കിയത്. ബംഗളൂരുവിൽ നടന്ന ന്യൂസിലാൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലായിരുന്നു താരം സെഞ്ച്വറി നേടിയിരുന്നത്. ആദ്യ ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായ സർഫറാസ് രണ്ടാം ഇന്നിങ്സിൽ 150 റൺസെടുത്താണ് കരുത്ത് തെളിയിച്ചത്. നാല് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് മൂന്ന് അർധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉൾപ്പെടെ 58 ശരാശരിയിൽ 350 റൺസാണ് ഇന്ത്യൻ യുവതാരം നേടിയത്.

Sarfaraz Khan

അതേസമയം നവംബര്‍ 22നാണ് ഓസീസ് പരമ്പര ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനും ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ. അപ്പോൾ ഇന്ത്യയുടെ വിജയശതമാനം 65.79 ആയി ഉയരും. അങ്ങനെയെങ്കിൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ പുറത്തായേക്കും. ശ്രീലങ്ക, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ രണ്ടാം സ്ഥാനത്തിനായി മത്സരിക്കും.

Content Highlights: IND vs AUS: Sourav Ganguly backs Sarfaraz Khan's inclusion for Australia tour

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us