ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുന്‍ ഹെഡ് കോച്ച് റിക്കി പോണ്ടിങ്ങും ക്രിക്കറ്റ് ഡയറക്ടര്‍ സൗരവ് ഗാംഗുലിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്ന് ഡല്‍ഹിയുടെ മുന്‍ അസിസ്റ്റന്റ് കോച്ച് മുഹമ്മദ് കൈഫ്. ഇന്ത്യന്‍ താരം ശിഖര്‍ ധവാനെ ക്യാപിറ്റല്‍സിന്റെ തട്ടകത്തിലെത്തിക്കാനുള്ള ഗാംഗുലിയുടെ ശ്രമങ്ങളെ പോണ്ടിങ് തടഞ്ഞിരുന്നതാണ് തര്‍ക്കത്തിന് കാരണമെന്നാണ് കൈഫിന്റെ വെളിപ്പെടുത്തല്‍. അന്ന് ഹൈദരാബാദ് ടീമിലെ അംഗമായിരുന്ന ഡേവിഡ് വാര്‍ണറുടെ ഇടപെടലാകാം ഇതിനു പിന്നിലെന്നും കൈഫ് ചൂണ്ടിക്കാട്ടി.
ഹൈദരാബാദില്‍ നിന്ന് ധവാനെ ഡല്‍ഹിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഗാംഗുലി ആഗ്രഹിച്ചു. കിരീടങ്ങള്‍ സ്വന്തമാക്കാനുള്ള ശക്തമായ ടീമിനെ പടുത്തുയര്‍ത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ പോണ്ടിങ് ഈ നീക്കത്തെ അനുകൂലിച്ചില്ല. ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ധവാന്റെ കരിയര്‍ അവസാനിച്ചതായി അദ്ദേഹത്തിന് തോന്നി. ഒരു ഐപിഎല്‍ സീസണില്‍ ധവാന് 500 റണ്‍സ് നേടാനാകുമെന്ന് ഗാംഗുലി മീറ്റിങ്ങില്‍ പറഞ്ഞിരുന്നു', കൈഫ് പറഞ്ഞു.
'ഡേവിഡ് വാര്‍ണര്‍ ഹൈദരാബാദിലായിരുന്നു ആ സമയം. അവനെ ടീമില്‍ എത്തിക്കാനാണ് പോണ്ടിങ് ആഗ്രഹിച്ചത്. എന്നാല്‍ ധവാനെ ഡല്‍ഹിയില്‍ എത്തിക്കാന്‍ ഗാംഗുലി തീരുമാനിച്ചു. പോണ്ടിങ് ആ നീക്കത്തെ എതിര്‍ത്തിരുന്നു, എന്നാല്‍ ഗാംഗുലിയും ടീം ഉടമ പാർഥ് ജിന്‍ഡാലും ധവാനെ പിന്തുണച്ചതോടെ അദ്ദേഹം ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം തിരിച്ചെത്തി. ആ സീസണില്‍ ഡല്‍ഹി ഫൈനലില്‍ എത്തിയപ്പോള്‍ തന്‍റെ തീരുമാനം ശരിയാണെന്ന് തെളിയിക്കാന്‍ ഗാംഗുലിക്ക് കഴിഞ്ഞു. മികച്ച രീതിയിലാണ് അന്ന് ഞങ്ങള്‍ കളിച്ചത്. എന്നിട്ടും ഫൈനലില്‍ പരാജയപ്പെട്ടത് ആ സീസണില്‍ പോണ്ടിങ്ങിനെ നിരാശപ്പെടുത്തി', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
The Delhi Capital's Ponting era: Wasn't in favour of signing Shikhar, had a great team but couldn't deliver title. A lot more about IPL’s underachieving team as Ponting moves to Punjab.#CricketWithKaif #IPL pic.twitter.com/iIMXKJBOlX
— Mohammad Kaif (@MohammadKaif) November 18, 2024
പ്രഥമ ഐപിഎല്‍ സീസണില്‍ ഡല്‍ഹി ടീമില്‍ അംഗമായിരുന്ന ധവാന്‍ പിന്നീട് 2019 സീസണിലാണ് ടീമില്‍ തിരിച്ചെത്തിയത്. രണ്ടാം വരവില്‍ ഡല്‍ഹിക്ക് വേണ്ടി മികച്ച പ്രകടനവും ധവാന്‍ കാഴ്ച വെച്ചു. 2019ല്‍ 521 റണ്‍സ്, 2020ല്‍ 618 റണ്‍സ്, 2021ല്‍ 587 റണ്‍സ് എന്നിങ്ങനെയാണ് ധവാന്‍ നേടിയത്. ഇതില്‍ 2020ല്‍ ഡല്‍ഹി ഫൈനല്‍ കളിച്ചെങ്കിലും മുംബൈയോട് അഞ്ച് വിക്കറ്റിന് പരാജയം വഴങ്ങുകയായിരുന്നു. തുടര്‍ന്നാണ് ധവാന്‍ പഞ്ചാബ് കിങ്‌സിലേക്ക് കൂടുമാറിയത്.
Content Highlights: Sourav Ganguly fought Ricky Ponting's concerns to bring Dhawan to Delhi Capitals