'അതൊരിക്കലും പണത്തിന് വേണ്ടിയായിരുന്നില്ല'; ഡല്‍ഹി വിട്ടതില്‍ പ്രതികരണവുമായി റിഷഭ് പന്ത്

റീട്ടെന്‍ഷന്‍ ഫീസിനെ ചൊല്ലി ഫ്രാഞ്ചൈസിയുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് പന്ത് ഡല്‍ഹി വിട്ടിരിക്കുകയെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് പന്തിന്റെ പ്രതികരണം

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാലേലത്തിന് മുന്‍പായി ടീമുകളുടെ റീട്ടെന്‍ഷന്‍ ലിസ്റ്റ് പുറത്തുവന്നപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് ഏറെ അത്ഭുതപ്പെടുത്തിയത്. ടീമിന്റെ നിലവിലെ ക്യാപ്റ്റനും ഇന്ത്യയുടെ യുവവിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിനെ ഡല്‍ഹി നിലനിര്‍ത്തിയിരുന്നില്ല. ഇപ്പോള്‍ ഡല്‍ഹി തന്നെ കൈവിട്ടതില്‍ ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് റിഷഭ് പന്ത്.

റീട്ടെന്‍ഷന്‍ ഫീസിനെ ചൊല്ലി ഫ്രാഞ്ചൈസിയുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് പന്ത് ഡല്‍ഹി വിട്ടിരിക്കുകയെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് പന്തിന്റെ പ്രതികരണം. ഐപിഎല്‍ 2025 ലേലത്തിന് മുന്നോടിയായി സ്റ്റാര്‍ സ്പോര്‍ട്സ് പങ്കിട്ട ഒരു വീഡിയോയിലായിരുന്നു ലേലത്തില്‍ തങ്ങളുടെ യഥാര്‍ത്ഥ മൂല്യം മനസിലാക്കാന്‍ മുന്‍നിര കളിക്കാര്‍ ചിലപ്പോള്‍ തങ്ങളുടെ ഫ്രാഞ്ചൈസികള്‍ വിടാന്‍ തീരുമാനിക്കുമെന്ന് ഗവാസ്‌കര്‍ പറഞ്ഞത്. പന്തിന്റെ കാര്യവും ഇതുതന്നെയാണെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാണിച്ചു.

ഈ വീഡിയോയോട് പ്രതികരിച്ചാണ് പന്ത് ഇപ്പോള്‍ രംഗത്തെത്തിയത്. 'എന്റെ നിലനിര്‍ത്തല്‍ ഒരിക്കലും പണത്തെ അടിസ്ഥാനമാക്കിയായിരുന്നില്ല എന്ന് എനിക്ക് ഉറപ്പായും പറയാന്‍ കഴിയും', എക്‌സിലെ പോസ്റ്റിനുള്ള മറുപടിയായി പന്ത് കുറിച്ചു.

ലേലത്തിന് മുന്‍പ് നാല് താരങ്ങളെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തിയത്. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അഭിഷേക് പോറെല്‍ എന്നിവരെ റീട്ടെയ്ന്‍ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ പന്തിനെ നിലനിര്‍ത്താതിരുന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു.

നേരത്തെ തന്നെ റിഷഭ് പന്ത് ഈ സീസണിൽ ഡൽഹിയിൽ നിന്ന് മാറുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. റിഷഭ് ചെന്നൈയിലേക്ക് മാറുമെന്ന തരത്തിലുള്ള വാർത്തകളും സജീവമായിരുന്നു. ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ ക്യാപ്റ്റൻ സ്ഥാനം മഹേന്ദ്ര സിം​ഗ് ധോണി ഒഴിഞ്ഞതോടെ കഴിഞ്ഞ സീസണിൽ റുതുരാജ് ഗെയ്ക്ക്‌വാദാണ്‌ ടീമിനെ നയിച്ചത്. എന്നാൽ സീസണിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ ചെന്നൈയ്ക്ക് കഴിഞ്ഞുള്ളു. റിഷഭ് വരുന്നതോടെ ധോണിയുടെ പകരക്കാരനാവാൻ കഴിയുമെന്ന ​ഗുണവുമുണ്ട്. ഒപ്പം ക്യാപ്റ്റൻസിയും അദ്ദേഹത്തിൽ ഭദ്രമാണ് എന്ന തരത്തിലായിരുന്നു വാർത്തകൾ. അതുപോലെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിലേക്ക് പോകുമെന്ന വാർത്തകൾ നിഷേധിച്ച് റിഷഭ് പന്ത് തന്നെ രം​ഗത്ത് വന്നിരുന്നു.

Rishabh Pant DC

സമൂഹമാധ്യമങ്ങളിൽ തരം​ഗമായ ഒരു പോസ്റ്റിൽ റിഷഭ് പന്ത് റോയൽ ചലഞ്ചേഴ്സിലേക്ക് പോകാൻ ആ​ഗ്രഹിച്ചിരുന്നതായും എന്നാൽ വിരാട് കോഹ്‍ലി ഇത് തടഞ്ഞുവെന്നുമായിരുന്നു പ്രചാരണം. ഈ പോസ്റ്റിന് താഴെയാണ് റിഷഭ് പന്ത് കമന്റുമായി എത്തിയത്. 'വ്യാജ വാർത്തയാണിത്. എന്തിനാണ് നിങ്ങൾ ഇത്തരം വ്യാജ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. നാം വിവേകത്തോടെ പെരുമാറണം. ഇത്തരം വ്യാജപ്രചരണങ്ങൾ ഒരു കാരണവശാലും അം​ഗീകരിക്കാൻ കഴിയില്ല. ഇതാദ്യമായല്ല ഇത്തരം പ്രചാരണങ്ങൾ ഞാൻ എതിർക്കുന്നത്. ഇതൊരു പക്ഷേ അവസാനത്തേതും ആയിരിക്കില്ല. നിങ്ങളുടെ വാർത്താകേന്ദ്രങ്ങൾ വീണ്ടും പരിശോധിക്കുക. ഓരോദിവസവും ഇത് വളരെ മോശമായി തുടരുകയാണ്. ഒരുപാട് ആളുകൾക്ക് ഇത് തെറ്റിദ്ധാരണയ്ക്ക് കാരണാമാകുന്നു.' റിഷഭ് പന്ത് അന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

കഴിഞ്ഞ സീസണിൽ റിഷഭിന്റെ നേതൃത്വത്തിലിറങ്ങിയ ഡൽഹിക്ക് പ്ലേയി ഓഫിലെത്താൻ കഴിഞ്ഞിരുന്നില്ല. റിഷഭിന്റെ പരിക്കിനു ശേഷമുള്ള തിരിച്ചുവരവിൽ റിഷഭ് നന്നായി ബാറ്റ് ചെയ്തെങ്കിലും ടീമിന്റെ പ്രകടനം ശരാശരി മാത്രമായിരുന്നു. 14 പോയിന്റുമായി ആറാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്. 2020 നു ശേഷം അവർക്ക് പ്ലേ ഓഫിലെത്താൻ കഴിഞ്ഞിരുന്നില്ല. റിഷഭ് കഴിഞ്ഞ സീസണിൽ 446 റൺസാണ് അടിച്ചെടുത്തത്.

അടുത്ത സീസണിൽ റിഷഭിനു പകരം മുൻനായകനും കെകെആറിനു കിരീടം നേടിക്കൊടുക്കുകയും ചെയ്ത ശ്രേയസ് അയ്യരെ ഡൽഹി തിരിച്ചുകൊണ്ടുവരുമെന്നുമുള്ള റിപ്പോർട്ടുകളും ഉണ്ട്.

Content Highlights: Rishabh Pant breaks silence about leaving Delhi Capitals

dot image
To advertise here,contact us
dot image