ഐസിസി ടി20 ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മിന്നും പ്രകടനമാണ് ഹാര്‍ദിക്കിന് തുണയായത്. ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ ടി20 റാങ്കിങ്ങിലാണ് ഇന്ത്യന്‍ താരത്തിന്റെ കുതിപ്പ്.
A return to No.1 for one of India's best in the latest T20I Rankings 👊https://t.co/NpVQN2k53C
— ICC (@ICC) November 20, 2024
ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്‌സ്റ്റണിനെയും നേപ്പാളിന്റെ ദിപേന്ദ്ര സിങ് ഐറിയെയും പിന്തള്ളിയാണ് ഹാര്‍ദിക് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. റാങ്കിങ്ങില്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഹാര്‍ദിക് 244 റേറ്റിങ് പോയിന്റുമായാണ് ഒന്നാമതെത്തിയത്. 2024 പുരുഷ ടി20 ലോകകപ്പിന് ശേഷം രണ്ടാം തവണയാണ് ഹാര്‍ദിക് ഒന്നാം സ്ഥാനത്തെത്തിയത്.
അതേസമയം സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലൂടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരാനൊരുങ്ങുകയാണ് ഹാർദിക്. സഹോദരൻ ക്രുനാൽ പാണ്ഡ്യ നയിക്കുന്ന ബറോഡ ടീമിലാണ് ഹാർദിക് അംഗമാകുന്നതെന്നാണ് റിപ്പോർട്ടുകൾ. വലിയ ഇടവേളയ്ക്ക് ശേഷമാണ് ഹാര്‍ദിക് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. 2018-19 രഞ്ജി ട്രോഫി സീസണിലാണ് ബറോഡയ്ക്കുവേണ്ടി അദ്ദേഹം അവസാനമായി കളിച്ചത്. അതേസമയം സയ്യിദ് മുഷ്താഖ് അലിയില്‍ താരം അവസാനമായി കളിച്ചത് 2016 ജനുവരിയിലാണ്.
Content Highlights: Hardik Pandya reclaims No. 1 T20I all-rounder spot after win vs South Africa