ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ പ്രശംസിച്ച് സഹതാരം രവീന്ദ്ര ജഡേജ. റിഷഭ് ആവേശഭരിതനായ ഒരു താരമാണ്. റിഷഭ് ടീമിലുണ്ടെങ്കിൽ എല്ലാവരെയും അയാൾ ചിരിപ്പിച്ചുകൊണ്ടേയിരിക്കും. വളരെ മികച്ച താരങ്ങളിൽ ഒരാളാണ് റിഷഭ്. 7ക്രിക്കറ്റിന് നൽകിയ അഭിമുഖത്തിൽ ജഡേജ പറഞ്ഞു.
രവീന്ദ്ര ജഡേജയ്ക്കും റിഷഭ് പന്തിനും മുന്നിൽ മറ്റൊരു വലിയ ഉത്തരവാദിത്തമാണ് ഉള്ളത്. ഓസ്ട്രേലിയയെ അവരുടെ മണ്ണിൽ പരാജയപ്പെടുത്തി ബോർഡർ-ഗാവസ്കർ ട്രോഫി സ്വന്തമാക്കണം. 2025 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0 ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ.
നവംബർ 23ന് ആരംഭിക്കുന്ന ബോർഡർ-ഗാവസ്കർ ട്രോഫിയിൽ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. 1992ന് ശേഷം ഇതാദ്യമായാണ് ബോർഡർ-ഗാവസ്കർ ട്രോഫിയിൽ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 2018ന് ശേഷം തുടർച്ചയായി നാല് തവണ ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയാണ് വിജയികൾ. അതിൽ രണ്ട് തവണ ഓസ്ട്രേലിയയിലായിരുന്നു ഇന്ത്യൻ വിജയം. ഇത്തവണ ഓസീസ് മണ്ണിൽ വീണ്ടും പരമ്പര നേട്ടമാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം.
Content Highlights: Ravindra Jadeja Reveals Rishabh Pant's Impact On Indian Team