ബോർഡർ-ഗാവസ്കർ ട്രോഫി ക്രിക്കറ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ. ഓസ്ട്രേലിയൻ എ ടീമിനെതിരെ കളിച്ച ഇന്ത്യ എ ടീമിലുണ്ടായിരുന്ന ദേവ്ദത്ത് പടിക്കലിനെ ഓസ്ട്രേലിയയിൽ നിലനിർത്തി. പരിക്കേറ്റ ശുഭ്മൻ ഗിൽ ആദ്യ ടെസ്റ്റ് കളിച്ചില്ലെങ്കിൽ പകരമായി ദേവ്ദത്ത് പടിക്കൽ ടീമിലെത്തിയേക്കും. റിസർവ് നിരയിലുണ്ടായിരുന്ന ഖലീൽ അഹമ്മദിന് പരിക്കേറ്റതോടെ യാഷ് ദയാലിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി.
നവംബർ 22ന് ആരംഭിക്കുന്ന ബോർഡർ-ഗാവസ്കർ ട്രോഫിയിൽ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. 1992ന് ശേഷം ഇതാദ്യമായാണ് ബോർഡർ-ഗാവസ്കർ ട്രോഫിയിൽ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 2018ന് ശേഷം തുടർച്ചയായി നാല് തവണ ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയാണ് വിജയികൾ. അതിൽ രണ്ട് തവണ ഓസ്ട്രേലിയയിലായിരുന്നു ഇന്ത്യൻ വിജയം. ഇത്തവണ ഓസീസ് മണ്ണിൽ വീണ്ടും പരമ്പര നേട്ടമാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം.
2025 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0 ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ.
Content Highlights: Yash Dayal Replaces Injured Khaleel Ahmed In India Reserves For Australia Tests