'ആ ചോദ്യത്തിന്റെ പോലും ആവശ്യം എന്തിന്?'; ഇന്ത്യൻ തയ്യാറെടുപ്പുകളെ കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ ഗാംഗുലി

ന്യൂസിലാന്‍ഡിനെതിരെ ഹോം ടെസ്റ്റ് പരമ്പരയില്‍ വഴങ്ങേണ്ടിവന്ന വൈറ്റ് വാഷ് പരാജയത്തിന് ശേഷം ഓസീസിനെ നേരിടുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്ക് തയ്യാറെടുപ്പുകളുടെ കുറവുണ്ടെന്നുള്ള വിമര്‍ശനങ്ങൾ.

dot image

ഓസ്‌ട്രേലിയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ തയ്യാറെടുപ്പുകളെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തള്ളി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഓസീസിനെ നേരിടുന്നതിന് തയ്യാറെടുക്കാന്‍ ഇന്ത്യന്‍ ടീമിന് മതിയായ സമയം ലഭിച്ചില്ലെന്നും ടീം പര്യാപ്തരല്ലെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നിര്‍ണായകമായ പരമ്പരയ്ക്ക് മുന്നേ ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും നല്‍കുന്ന സമ്മര്‍ദം തിരിച്ചടിയാകുമെന്നുമുള്ള നിരീക്ഷണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഗാംഗുലി.

'ഒരുപാട് നാള്‍ ടെസ്റ്റ് കളിക്കാതിരിക്കുമ്പോഴാണ് ടീം പാകമായിട്ടില്ലെന്ന് പറയേണ്ടത്. എന്നാല്‍ കഴിഞ്ഞ ഏഴ് ആഴ്ചകള്‍ക്കുള്ളിൽ അഞ്ച് ടെസ്റ്റുകളാണ് ടീം ഇന്ത്യ കളിച്ചത്. അതുകൊണ്ടുതന്നെ ഇത്തരം ചോദ്യങ്ങള്‍ എങ്ങനെയാണ് ഉയരുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല', ഗാംഗുലിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസിലാന്‍ഡിനെതിരെ ഹോം ടെസ്റ്റ് പരമ്പരയില്‍ വഴങ്ങേണ്ടിവന്ന വൈറ്റ് വാഷ് പരാജയത്തിന് ശേഷം ഓസീസിനെ നേരിടുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്ക് തയ്യാറെടുപ്പുകളുടെ കുറവുണ്ടെന്ന് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ തോല്‍വി ഓസ്ട്രേലിയയില്‍ നടക്കുന്ന പരമ്പരയില്‍ ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്ന് ഗാംഗുലി വ്യക്തമാക്കി. 'ന്യൂസിലാന്‍ഡിനെതിരായ പരാജയം അപ്രതീക്ഷിതമായിരുന്നുവെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയും. ബുദ്ധിമുട്ടേറിയ പിച്ചുകളിലാണ് കിവികള്‍ക്കെതിരെ നമ്മള്‍ കളിച്ചതെന്ന് ഓര്‍ക്കണം. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ബാറ്റിങ്ങിന് അനുകൂലമായ പിച്ചുകളാണുള്ളത്', ഗാംഗുലി വ്യക്തമാക്കി.

നവംബര്‍ 22ന് പെർത്തിലാണ് ഓസീസ് പരമ്പര ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനും ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ. അപ്പോൾ ഇന്ത്യയുടെ വിജയശതമാനം 65.79 ആയി ഉയരും. അങ്ങനെയെങ്കിൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ പുറത്തായേക്കും. ശ്രീലങ്ക, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ രണ്ടാം സ്ഥാനത്തിനായി മത്സരിക്കും.

Content Highlights: Sourav Ganguly's emphatic declaration on India's preparation for Border-Gavaskar Trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us