വിവാഹ റിസപ്‌ഷൻ ദിവസം വരെ കളിക്കാൻ പോയിട്ടുണ്ട്, രോഹിത് കുടുംബത്തെ വിട്ട് ടീമിനൊപ്പം ചേരണം; മുൻ ഇന്ത്യൻ താരം

ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് രോഹിത് ശർമ ഇന്ത്യൻ ടീമിൽ നിന്ന് അവധിയെടുത്തിരുന്നു. കഴിഞ്ഞയാഴ്ച രോഹിതിനും ഭാര്യ റിതികയ്ക്കും ആൺകുഞ്ഞ് പിറക്കുകയും ചെയ്തു

dot image

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെർത്ത് ടെസ്റ്റ് നടക്കാൻ ഇനി രണ്ട് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. രോഹിതിന് പകരം വൈസ് ക്യാപ്റ്റൻ ബുംറയാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുക. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് രോഹിത് ശർമ ഇന്ത്യൻ ടീമിൽ നിന്ന് അവധിയെടുത്തിരുന്നു. കഴിഞ്ഞയാഴ്ച രോഹിതിനും ഭാര്യ റിതികയ്ക്കും ആൺകുഞ്ഞ് പിറക്കുകയും ചെയ്തു.

എന്നാൽ ഇപ്പോൾ ഓസ്ട്രേലിയയ്ക്കെതിരെ നിർണായകമായ ടെസ്റ്റ് മത്സരം നടക്കുമ്പോൾ ഇന്ത്യൻ ടീമിനൊപ്പം നിൽക്കാത്ത ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരീന്ദർ ഖന്ന. രോഹിത് ശർമയ്ക്കു കുഞ്ഞ് ജനിച്ചതിനാൽ ഇനി ഓസ്ട്രേലിയയിലേക്കു പോയി ടീമിനൊപ്പം ചേരണമെന്നാണ് സുരീന്ദർ ഖന്നയുടെ ഉപദേശം.

‘കുഞ്ഞുണ്ടായതിൽ ഞാൻ രോഹിത് ശർമയ്ക്കും കുടുംബത്തിനും ആശംസകൾ അറിയിക്കുകയാണ്. ഇപ്പോൾ അദ്ദേഹത്തിന് ഒരു മകനും മകളുമായി, കുടുംബം പൂർണമായി. ഇനി പോയി ടെസ്റ്റ് കളിക്കുക. എന്റെ വിവാഹ റിസപ്‌ഷൻ നടന്ന അന്നേ ദിവസം ഇന്ത്യൻ ടീമിനു വേണ്ടി കളിക്കാൻ ഞാൻ‌ പോയിട്ടുണ്ട്. പുലർച്ചെ നാല് മണിക്ക് എഴുന്നേറ്റും ഞാൻ വിമാനത്താവളത്തിലേക്കുപോയിട്ടുണ്ട്. ഒരു ക്രിക്കറ്റ് മത്സരത്തിന് വേണ്ടിയായിരുന്നു അത്. ഇത്തരം പ്രതിബദ്ധത കൂടിയാണ് താരങ്ങളെ നിർവചിക്കുന്നത്.’ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുരീന്ദർ ഖന്ന പ്രതികരിച്ചു.

അതേ സമയം സുരീന്ദർ ഖന്നയുടെ പ്രതികരണത്തിൽ രോഹിത് ശർമയെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. രോഹിതും ഒരു മനുഷ്യനല്ലേ എന്നും കുടുംബത്തിനൊപ്പവും അയാൾ ചിലവഴിക്കേണ്ടതില്ലേ എന്നുമൊക്കെയാണ് രോഹിതിനെ അനുകൂലിക്കുന്നവരുടെ വാദം.

ന്യൂസിലാൻഡിനെതിരെ സ്വന്തം നാട്ടിൽ നടന്ന പരമ്പരയിൽ സമ്പൂർണ്ണ പരാജയം ഏറ്റുവാങ്ങിയ ശേഷമാണ് ഇന്ത്യൻ ടെസ്റ്റ് ടീം ബോർഡർ– ഗാവസ്കർ ട്രോഫി കളിക്കാൻ ഓസ്ട്രേലിയയിലേക്കെത്തുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്താനും ഇനിയുള്ള മത്സരങ്ങളിൽ വിജയം ആവശ്യമാണ്. രോഹിത് ശർമ കളിച്ചില്ലെങ്കിൽ യശസ്വി ജയ്സ്വാളിനൊപ്പം കെ എൽ രാഹുലോ, ശുഭ്മൻ ഗില്ലോ ഓപ്പണറാകാനാണ്‌ സാധ്യത.

Content Highlights: Rohit should now play the Perth Test, says Surinder Khanna

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us