ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഇന്ത്യൻ ടീമിൽ മൂന്നാം നമ്പറിൽ ഇറങ്ങേണ്ട താരത്തിന്റെ പേര് നിർദ്ദേശിച്ച് ചേതേശ്വര്‍ പുജാര. ഇന്ത്യയുടെ ബാറ്റിങ് ഓഡർ എങ്ങനെയെന്ന് തനിക്ക് അറിയില്ലെന്നും കെ എൽ രാഹുലിനെയാണ് മൂന്നാം നമ്പറിലേക്ക് നിർദ്ദേശിക്കുകയെന്നും പുജാര പറഞ്ഞു. രാഹുലിന് മൂന്നാം നമ്പറിൽ അനുഭവ സമ്പത്തുണ്ടെന്നും പുജാര സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
ദേവ്ദത്ത് പടിക്കലിനെ മൂന്നാം നമ്പറിൽ ഇറക്കാൻ ഇന്ത്യൻ ടീം ആലോചിക്കുന്നത് ഇടത്-വലത് കോമ്പിനേഷൻ നിലനിർത്താനാണ്. അഞ്ച്, ആറ് സ്ഥാനങ്ങളിലാണ് പടിക്കൽ സാധാരണയായി ബാറ്റ് ചെയ്യുന്നത്. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്നത് പടിക്കലിന് കൂടുതൽ എളുപ്പമാകും. അത് മികച്ച തീരുമാനമാവുമെന്നും പുജാര വ്യക്തമാക്കി.
ബോർഡർ-ഗാവസ്കർ ട്രോഫി ക്രിക്കറ്റ് പരമ്പരയിൽ കഴിഞ്ഞ രണ്ട് തവണയും ഓസ്ട്രേലിയയെ അവരുടെ മണ്ണിൽ പരാജയപ്പെടുത്തുമ്പോൾ ഇന്ത്യൻ ടീമിന്റെ ഹീറോയായിരുന്ന ചേത്വേശർ പുജാരയ്ക്ക് ഇത്തവണ ഇന്ത്യൻ ടീമിൽ ഇടമില്ല. എന്നാൽ പുതിയൊരു റോളിൽ പുജാര ഓസ്ട്രേലിയയിലേക്ക് എത്തുന്നുണ്ട്. സ്റ്റാർ സ്പോർട്സിന്റെ ഹിന്ദി കമന്ററി ബോക്സിലാണ് പുജാര പ്രത്യക്ഷപ്പെടുക. നവംബർ 22ന് ആരംഭിക്കുന്ന ഒന്നാം ടെസ്റ്റ് മുതൽ പുജാര കമന്ററി ബോക്സിൽ ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന്റെ കഥ പറയും.
ഓസ്ട്രേലിയൻ മണ്ണിൽ 11 മത്സരങ്ങൾ കളിച്ച പുജാര 993 റൺസ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. 2018-19 സീസണിൽ മാത്രം പുജാര നേടിയത് 521 റൺസാണ്. ഈ പരമ്പരയിൽ മാൻ ഓഫ് ദ സീരിസ് ആയതും പുജാരയാണ്. 2023ലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലാണ് പുജാര അവസാനമായി ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ചത്.
2025 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0 ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ.
Content Highlights: Cheteshwar Pujara endorses K L Rahul as number three batter in BGT series