പേസര്‍മാര്‍ ക്യാപ്റ്റന്മാരാകുന്നതിന് വേണ്ടി എപ്പോഴും വാദിച്ചിരുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായി സംസാരിക്കവേയായിരുന്നു ബുംറയുടെ പ്രതികരണം. നവംബര്‍ 22ന് പെര്‍ത്തിലാണ് അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
ഇന്ത്യയെ ജസ്പ്രീത് ബുംറ നയിക്കുമ്പോള്‍ ഓസീസിനെ പാറ്റ് കമ്മിന്‍സാണ് നയിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി രണ്ട് ടീമുകളെയും ഫാസ്റ്റ് ബൗളര്‍മാര്‍ നയിക്കാന്‍ ഒരുങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇപ്പോള്‍ പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ഇരുക്യാപ്റ്റന്മാരും നായകസ്ഥാനം പേസര്‍മാര്‍ക്ക് കൈമാറാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.
'പേസര്‍മാര്‍ ക്യാപ്റ്റനാകണമെന്ന് ഞാന്‍ എപ്പോഴും വാദിച്ചിട്ടുണ്ട്. അവര്‍ തന്ത്രപരമായി മികച്ചവരാണ്. പാറ്റ് കമ്മിന്‍സ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. ഇതുപോലെ പണ്ടും കപില്‍ ദേവടക്കമുള്ള ക്യാപ്റ്റന്മാര്‍ ഉണ്ടായിട്ടുണ്ട്. ഇത് ഒരു പുതിയ പാരമ്പര്യത്തിന്റെ തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നു,'' ബുംറ പറഞ്ഞു.
Pat Cummins said, "it's great to see a fast bowler leading the team. It should happen more often". pic.twitter.com/u1VSWJ2Za3
— Mufaddal Vohra (@mufaddal_vohra) November 21, 2024
ഒരു പേസര്‍ ക്യാപ്റ്റന്‍ ആകുന്നത് എപ്പോഴും നല്ലതാണെന്ന് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും പറഞ്ഞു. 'പേസര്‍മാര്‍ ക്യാപ്റ്റന്മാരാവുന്നത് ഇനിയും സംഭവിക്കണം. ടിം സൗത്തി ക്യാപ്റ്റനായി കഴിഞ്ഞ വര്‍ഷം നടന്ന ന്യൂസിലന്‍ഡ് പരമ്പര മികച്ചതായിരുന്നു. അപൂര്‍വമായ കാര്യങ്ങളില്‍ ഒന്നാണിത്. പക്ഷേ ഫാസ്റ്റ് ബൗളിംഗിന്റെ ആരാധകനെന്ന നിലയില്‍ ഇത് കാണുമ്പോള്‍ സന്തോഷമുണ്ട്', കമ്മിന്‍സ് പറഞ്ഞു.
Content Highlights: Jasprit Bumrah Says He Always advocated for pacers being captains