ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആരാധകർക്ക് ആശ്വാസം പകരുന്ന വാർത്തയുമായി ബൗളിങ് കോച്ച് മോണെ മോർക്കൽ. പരിക്കിലുള്ള മുൻനിര ബാറ്റർ ശുഭ്മാൻ ഗിൽ സുഖം പ്രാപിച്ചുവരുകയാണെന്നും ഒന്നാം ടെസ്റ്റിൽ കളിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്നും മോർക്കൽ പറഞ്ഞു. മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാത്രമേ ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കൂ എന്നും മോർക്കൽ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട അവധിയിലായിരുന്ന രോഹിത് ശർമ ടീമിനൊപ്പം ഇത് വരെ ചേർന്നിട്ടില്ല. രോഹിത് ഒന്നാം ടെസ്റ്റിൽ കളിക്കില്ലെന്ന് ഉറപ്പായതോടെ ഇന്ത്യയ്ക്ക് വേണ്ടി ആര് ബാറ്റിങ്ങ് ഓപ്പൺ ചെയ്യും എന്നതിൽ ആശങ്കയുണ്ടായിരുന്നു. യുവ താരം യശ്വസി ജയ്‌സ്വാളിനൊപ്പം കെ എൽ രാഹുലിനെ പരിഗണിച്ചിരുന്നെങ്കിലും കെ എൽ രാഹുലിന്റെ സമീപ കാലത്തെ ഫോമില്ലാഴ്മ ടീമിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതോടെയാണ് പരിക്കുകൾ ഗുരുതരമല്ലെങ്കിൽ ഗില്ലിനെ തന്നെ കളിപ്പിക്കാമെന്ന തീരുമാനത്തിലേക്ക് ടീം മാനേജ്‌മെന്റ് എത്തിയത്.
സമീപകാലത്ത് ടെസ്റ്റിൽ ഉജ്ജ്വലഫോമിലുള്ള ഗിൽ കഴിഞ്ഞ 10 മത്സരങ്ങളിലെ 19 ഇന്നിങ്‌സിൽ നിന്നായി 806 റൺസ് സ്‌കോർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പരിശീലനമത്സരത്തിനിടെ വിരലിന് പരിക്കേറ്റതോടെയാണ് ഗില്ലിന് ആദ്യടെസ്റ്റിൽ കളിക്കാനാകില്ലെന്ന ആശങ്കയുയർന്നത്.
പരിക്കു കാരണം ഒരു വർഷത്തോളമായി അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാത്ത പേസ് ബൗളർ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിനെപ്പറ്റിയും മോർക്കൽ സൂചന നൽകി. ഈയിടെ രഞ്ജി ട്രോഫിയിൽ ബംഗാളിനുവേണ്ടി കളിച്ച ഷമി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ഷമിയെ പരിഗണിച്ചേക്കുമെന്നാണ് നിലവിലെ സൂചന. സാഹചര്യങ്ങൾ ഒത്തുവന്നാൽ ഷമിയെ ഓസീസ് മണ്ണിൽ കാണാമെന്ന് ജസ്പ്രീത് ബുംറയും ഇന്നത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
Content Highlights: Morne Morkel provides happy update on injured Shubman Gill