'ഗംഭീര്‍ അധികകാലം പരിശീലകനായി തുടരില്ല'; പ്രവചിച്ച് സൈമണ്‍ ഡൂള്‍

മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പലിന്റെ കാലാവധിയേക്കാള്‍ ചെറുതായിരിക്കാം ഗംഭീറിന്റെ പരിശീലക കാലാവധി എന്നും ഡൂള്‍ അഭിപ്രായപ്പെട്ടു

dot image

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് ഗൗതം ഗംഭീര്‍ അധികകാലം ഉണ്ടാവില്ലെന്ന് ന്യൂസിലാന്‍ഡിന്റെ മുന്‍ താരം സൈമണ്‍ ഡൂള്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ നിര്‍ണായക ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെയാണ് ഡൂളിന്റെ പ്രവചനം. ഓസ്‌ട്രേലിയയ്‌ക്കെതിരെ ടീം ഇന്ത്യ പരാജയപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ഗംഭീര്‍ ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് പുറത്താകുമെന്നാണ് ഡൂള്‍ നിരീക്ഷിക്കുന്നത്.

മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പലിന്റെ കാലാവധിയേക്കാള്‍ ചെറുതായിരിക്കാം ഗംഭീറിന്റെ പരിശീലക കാലാവധി എന്നും ഡൂള്‍ അഭിപ്രായപ്പെട്ടു. 2005ലാണ് ഗ്രെഗ് ചാപ്പല്‍ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. എന്നാല്‍ 2007 ഏകദിന ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യ പുറത്തായതിന് ശേഷം ചാപ്പലിനെ ഇന്ത്യ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കുകയായിരുന്നു.

Greg Chappell
Greg Chappell

'ഇന്ത്യന്‍ പരിശീലക വേഷത്തില്‍ ഗൗതം ഗംഭീറിന്റെ കാലാവധി ഗ്രെഗ് ചാപ്പലിനേക്കാള്‍ ചെറുതായിരിക്കാം. ഞങ്ങള്‍ക്കെതിരെ കളിച്ചിട്ടുള്ളയാളാണ് ഗംഭീര്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ കുറിച്ച് ഞങ്ങള്‍ക്ക് നന്നായി അറിയാം. ഗംഭീറിനെ പോലെ ഒരു കോച്ചിനെ ഇന്ത്യയ്ക്ക് ആവശ്യമായിരുന്നു. താരങ്ങള്‍ക്കൊപ്പം ഇരുന്ന് സംസാരിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗംഭീറിന് സാധിക്കും', ഡൂള്‍ സ്‌കൈ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

'ഓസ്‌ട്രേലിയയ്‌ക്കെതിരെ വലിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയുടെ മുന്നിലുള്ളത്. ഗംഭീര്‍ ഒരിക്കലും മാധ്യമങ്ങളുമായി സൗഹൃദം പുലര്‍ത്താന്‍ പോവുന്നില്ല. ഗംഭീറിന്റെ കീഴില്‍ ഇന്ത്യയ്ക്ക് നല്ല റിസള്‍ട്ട് കിട്ടിയില്ലെങ്കില്‍ അദ്ദേഹം പുറത്താകും', ഡൂള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം നവംബര്‍ 22ന് പെര്‍ത്തിലാണ് ഓസീസിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കോച്ച് ഗംഭീറിനും ഇത് നിര്‍ണായകമായ പരമ്പരയാണ്. ന്യൂസിലാന്‍ഡിനെതിരെ നടന്ന ഹോം ടെസ്റ്റ് പരമ്പരയില്‍ വെറ്റ് വാഷ് തോല്‍വിക്ക് ശേഷമാണ് ഇന്ത്യ കരുത്തരായ ഓസീസിനെ നേരിടാനെത്തുന്നത്.

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ കോച്ചായി നിയമിക്കപ്പെട്ട ശേഷമുള്ള ആദ്യ ദൗത്യമായ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. എന്നാല്‍ ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര രോഹിത് ശര്‍മ നയിച്ച ഇന്ത്യ പരാജയം വഴങ്ങി. ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും ടി20യും ഇന്ത്യ വിജയിച്ചെങ്കിലും ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട തോല്‍വി വഴങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തുന്നതിന് ഇന്ത്യയ്ക്കും പരിശീലക സ്ഥാനം നിലനിര്‍ത്തുന്നതില്‍ ഗംഭീറിനും ഓസീസ് പരമ്പര നിര്‍ണായകമാണ്. 2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്റെ കാലാവധി.

Content Highlights: Simon Doull make big claim on future of Gautam Gambhir ahead of BGT

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us