ജഡേജയും അശ്വിനും ആകാശും സർഫറാസുമില്ല, എക്സ്പീരിയൻസിന് പുല്ലുവില; ടീം സെലക്ഷനിലെ ​'ഗംഭീര' ട്വിസ്റ്റ്

കഴിഞ്ഞ ടൂർണമെന്റിൽ സെഞ്ച്വറി പ്രകടനവുമായി മുൻ നിരയിൽ തിളങ്ങിയ സർഫറാസ് ഖാനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

dot image

ഇന്ത്യയ്ക്ക് ഏറെ നിർണായകമായ ബോർഡർ ഗാവസ്‌ക്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ നിന്ന് രവിചന്ദ്രൻ അശ്വിനെയും രവീന്ദ്ര ജഡേജയെയും ഒഴിവാക്കിയതിൽ ഗംഭീറിനെതിരെ വിമർശനം ഉയരുകയാണ്. ഓസീസ് മണ്ണിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള രണ്ട് താരങ്ങളാണ് അശ്വിനും ജഡേജയും എന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ഇടം കയ്യൻ ബാറ്റർമാർ ഏറെയുള്ള ഓസ്‌ട്രേലിയക്കെതിരെ അശ്വിന്റെ ഓഫ് സ്പിൻ ഫലം ചെയ്യുമെന്നും ആദ്യ ഇലവനിൽ അശ്വിനെ ഇറക്കണമെന്നും കളിക്ക് മുമ്പ് തന്നെ സൗരവ് ഗാംഗുലി അടക്കമുള്ള മുൻ താരങ്ങൾ ഗംഭീറിനെ ഉപദേശിച്ചിരുന്നു.

10 ടെസ്റ്റുകളിൽ നിന്ന് 42.15 ശരാശരിയിൽ 39 വിക്കറ്റുകളാണ് ഓസീസ് മണ്ണിൽ അശ്വിൻ നേടിയിട്ടുള്ളത്. നാല് ടെസ്റ്റുകളിൽ നിന്ന് 21.78 ശരാശരിയിൽ 14 വിക്കറ്റുകളെടുത്ത ജഡേജയുടെ പ്രകടനവും മികച്ചതാണ്. എന്നാൽ ഇരുവരെയും ഒഴിവാക്കി വാഷിങ്ടൺ സുന്ദർ എന്ന ഒരൊറ്റ സ്പിന്നറിലേക്കാണ് ഗംഭീർ എത്തിയത്. ന്യൂസിലാൻഡിനെതിരെ പരമ്പരയിലെ ആദ്യ മത്സരം കളിക്കാതിരുന്നിട്ടും പിന്നീടുള്ള രണ്ട് ടെസ്റ്റുകളിൽ കൂടി 15 വിക്കറ്റുകൾ നേടിയ വാഷിങ്ടൺ സുന്ദർ ടീമിലിടം നേടാൻ പൂർണ്ണ യോഗ്യതയുണ്ടങ്കിലും ഒരു രണ്ടാം സ്പിന്നറെ ഉൾപ്പെടുത്താത്തത് എന്ത് കൊണ്ടാണെന്ന് ആരാധകർ ചോദിക്കുന്നു.

കഴിഞ്ഞ ടൂർണമെന്റുകളിൽ പേസ് കൊണ്ട് മികച്ച പ്രകടനം നടത്തിയ ആകാശ് ദീപിനെ ഒഴിവാക്കിയതിലും വിമർശനമുണ്ട്. ആകാശ് ദീപിന് പകരം ഹർഷിത് റാണയ്ക്കാണ് ഗംഭീർ അവസരം നൽകിയത്. ഹർഷിത് റാണയുടെ അരങ്ങേറ്റ ടെസ്റ്റ് മത്സരം കൂടിയാണിത്. പേസിനെ അതിരറ്റ് പിന്തുണക്കുന്ന പെർത്ത് പോലൊരു പിച്ചിൽ പരിചയ സമ്പന്നരായ ബൗളർമാരെ ഉപയോഗിക്കുന്നതല്ലേ കൂടുതൽ നന്നാവുക എന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്. ഹാർദിക്കിനെയും ശാർദൂൽ താക്കൂറിനെയും പോലെയുള്ള പരിചയ സമ്പന്നരായ ഓൾ റൗണ്ടർമാരെ പുറത്ത് നിർത്തി പുതുമുഖമായ നിതീഷ് റെഡ്‌ഡിക്ക് അവസരം കൊടുത്തതിൽ ഗംഭീർ നേരത്തെ തന്നെ വിമർശനങ്ങൾ നേരിട്ടിരുന്നു. കഴിഞ്ഞ ടൂർണമെന്റിൽ സെഞ്ച്വറി പ്രകടനവുമായി മുൻ നിരയിൽ തിളങ്ങിയ സർഫറാസ് ഖാനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

അതേ സമയം ഓസീസിന്റെ പേസ് ആക്രമണത്തിൽ ഇന്ത്യൻ ബാറ്റർമാർ തുടക്കത്തിൽ തന്നെ തകർന്ന് വീഴുന്ന കാഴ്ചയാണ് പെർത്തിലെ ആദ്യ ദിനത്തിലെ ആദ്യ സെഷനിൽ കണ്ടത്. 25 ഓവർ പിന്നിട്ടപ്പോഴേക്കും ഇന്ത്യയ്ക്ക് നാല് മുൻ നിര ബാറ്റർമാരെ നഷ്ടമായി. 51 റൺസ് മാത്രമാണ് സ്കോർ ബോർഡിൽ ചേർക്കാനായത്. ജയ്‌സ്വാൾ, ദേവ്ദത്ത് പടിക്കൽ എന്നിവർ പൂജ്യത്തിന് പുറത്തായപ്പോൾ വിരാട് കോഹ്‌ലി 5 റൺസിനും കെ എൽ രാഹുൽ 26 റൺസിനും പുറത്തായി.

Content Highlights:Border Gavaskar Trophy; Perth Test; Criticism on Gambhir's team selection

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us