പെർത്തില്‍ പൂരക്കൊടിയേറ്റം; ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം, ആവേശത്തോടെ ആരാധകർ

ഇന്ത്യൻ സമയം രാവിലെ 7.50നാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് ആംഭിക്കുന്നത്.

dot image

ക്രിക്കറ്റ് ലോകം മുഴുവനും ഇന്ന് ഓസ്ട്രേലിയയിലെ പെർത്തിലേക്ക് ചുരുങ്ങും. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ബോർ​ഡർ ​ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരക്ക് ഇന്ന് പെര്‍ത്തില്‍ തുടക്കമാവുകയാണ്. ഇന്ത്യൻ സമയം രാവിലെ 7.50നാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് ആംഭിക്കുന്നത്.

ക്രിക്കറ്റിന്റെ ക്ലാസിക് ഫോര്‍മാറ്റില്‍ ആരാകും ജേതാക്കളാവുകയെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ബോർഡർ ​ഗവാസ്കർ കിരീടം നിലനിർത്താൻ ഇന്ത്യയും തിരിച്ചുപിടിക്കാൻ ഓസ്ട്രേലിയയും ഇറങ്ങുമ്പോൾ പെർത്തിൽ തീപാറുമെന്നുറപ്പാണ്. തുടർച്ചയായ മൂന്നാം തവണ കിരീടം നേടാനാണ് ഇന്ത്യ ഇറങ്ങുന്നത്. 2018ലും 2021ലും ഓസീസ് തട്ടകത്തിൽ പരമ്പര ജയം നേടിയ ചരിത്രമാണ്‌ ഇന്ത്യയുടെ ആത്മവിശ്വാസം. 2014ൽ‌ അവസാനം കിരീടം നേടിയ ഓസ്ട്രേലിയയ്ക്ക് കിരീടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യമാണുള്ളത്.

അതേസമയം ന്യൂസിലാന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിൽ സമ്പൂര്‍ണ തോല്‍വി വഴങ്ങിയാണ് ഇന്ത്യ ഓസീസ് മണ്ണിലെത്തിയത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ അഭിമാന പോരാട്ടമായിരിക്കും ഓസ്ട്രേലിയയ്ക്കെതിരെ നടക്കുക. കിവികളോടേറ്റ അപ്രതീക്ഷിത പരാജയത്തോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനവും അവതാളത്തിലായിരിക്കുകയാണ്. അതുകൊണ്ട് തന്നെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷ സജീവമാക്കണമെങ്കിൽ ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ 4-0ന് തോൽപ്പിക്കണമെന്ന ഭ​ഗീരഥ പ്രയത്നമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് പെർത്തിൽ ഇന്ത്യയെ നയിക്കുന്നത്. ഓപണർ ശുഭ്മന്‍ ഗില്ലിന്റെ പരിക്കാണ് ഇന്ത്യയ്ക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നത്. ​ഗിൽ കളിക്കുമോ എന്ന കാര്യം ടോസിൽ‌ മാത്രമേ വ്യക്തമാകൂ. ​ഗിൽ കളിച്ചില്ലെങ്കിൽ യശസ്വി ജയ്‌സ്വാളിനൊപ്പം ഇന്ത്യന്‍ ഇന്നിങ്സ് ഓപണ്‍ ചെയ്യാന്‍ കെ എല്‍ രാഹുലെത്തും. മൂന്നാം നമ്പറിൽ മലയാളി താരം ദേവ്‌ദത്ത്‌ പടിക്കൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിചയസമ്പന്നനായ വിരാട്‌ കോഹ്‌ലി നാലാം നമ്പറിൽ ഇറങ്ങും.

പേസിനെ തുണയ്ക്കുന്ന പിച്ചായതിനാല്‍ ഹര്‍ഷിത് റാണയ്ക്ക് അരങ്ങേറ്റം ഒരുങ്ങിയേക്കും. ക്യാപ്റ്റന്‍ ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജ് തന്നെ ബൗളിങ്ങ് ഓപണ്‍ ചെയ്യും. റിഷഭ്‌ പന്ത്‌, ധ്രുവ്‌ ജുറേൽ എന്നിവർക്കൊപ്പം ഓൾറൗണ്ടർമാരായി നിതീഷ്‌ കുമാർ റെഡ്ഡിയും ആർ അശ്വിനുമുണ്ടാകും. അശ്വിൻ മാത്രമാകും ടീമിലെ ഏക സ്‌പിന്നർ.

അതേസമയം സ്വന്തം നാട്ടിൽ ഇന്ത്യയെ കെട്ടുകെട്ടിച്ച് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിടുകയാണ് ഓസ്ട്രേലിയയും. ഓസീസിന്റെ പഴയപ്രതാപകാലത്തെ ഫോമില്ലെങ്കിലും പാറ്റ്‌ കമ്മിൻസ്‌ നയിക്കുന്ന ടീം നിലവിലെ ഇന്ത്യൻ ടീമിനെ തകർക്കാൻ കെൽപ്പുള്ളവരാണ്‌. കമ്മിൻസ്‌ നയിക്കുന്ന പേസ്‌ നിരതന്നെയാണ്‌ അതിൽ പ്രധാനം. കമ്മിൻസും മിച്ചൽ സ്റ്റാർക്കും ജോഷ്‌ ഹേസൽവുഡും അണിനിരക്കുന്ന പേസ്‌ ത്രയം ഇന്ത്യൻ ബാറ്റിങ്‌ നിരയ്‌ക്ക് അപകടം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. സ്പിന്നർ നഥാൻ ലിയോണും നിർണായകമാകും.

വലിയ ബാറ്റിങ്‌ നിരയുണ്ടെങ്കിലും ഓസീസിന്റെ പല ബാറ്റർമാരും സമീപകാലത്ത്‌ മികച്ച പ്രകടനം പുറത്തെടുക്കുന്നില്ല. എങ്കിലും ട്രാവിസ് ഹെഡ്, സ്റ്റീവൻ സ്മിത്ത്, മാർ‌നസ് ലബുഷെയ്ൻ, ഉസ്മാൻ ഖവാജ, മിച്ചൽ മാർഷ് എന്നിവരടങ്ങുന്ന ബാറ്റിങ് നിരയെ ഇന്ത്യ പേടിക്കണം. വാലറ്റത്ത്‌ അലെക്‌സ്‌ കാരിയും ക്യാപ്‌റ്റൻ കമ്മിൻസും അപകടകാരികളാണ്.

ഇന്ത്യയുടെ സാധ്യതാ ടീം: യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, ദേവ്‌ദത്ത്‌ പടിക്കൽ, വിരാട്‌ കോഹ്‌ലി, റിഷഭ്‌ പന്ത്‌ (വിക്കറ്റ് കീപ്പര്‍), ധ്രുവ്‌ ജുറേൽ, ആർ അശ്വിൻ, നിതീഷ്‌ കുമാർ റെഡ്ഡി, ഹർഷിത്‌ റാണ/പ്രസിദ്ധ്‌ കൃഷ്‌ണ, മുഹമ്മദ്‌ സിറാജ്‌/ആകാശ്‌ ദീപ്‌, ജസ്‌പ്രീത്‌ ബുംറ (ക്യാപ്റ്റന്‍).

ഓസ്‌ട്രേലിയയുടെ സാധ്യതാ ടീം: ഉസ്‌മാൻ ഖവാജ, നഥാൻ മക്‌സ്വീനി, മാർനസ്‌ ലബുഷെയ്‌ൻ, സ്റ്റീവൻ സ്‌മിത്ത്‌, ട്രാവിസ്‌ ഹെഡ്‌, മിച്ചൽ മാർഷ്‌, അലെക്‌സ്‌ കാരി (വിക്കറ്റ് കീപ്പര്‍), മിച്ചൽ സ്റ്റാർക്ക്, പാറ്റ്‌ കമ്മിൻസ്‌ (ക്യാപ്റ്റന്‍), നതാൻ ലിയോൺ, ജോഷ്‌ ഹേസൽവുഡ്‌.

Content Highlights: IND vs AUS, 1st Test: Jasprit Bumrah’s India take on Pat Cummins’ Australia at Perth

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us