പെര്‍ത്തിലും 'കിംഗ് ഷോ' ഇല്ല; ഹേസല്‍വുഡിന്റെ എക്‌സ്ട്രാ ബൗണ്‍സില്‍ പതറി കോഹ്‌ലി, വീഡിയോ

പെര്‍ത്തില്‍ ടോസ് നേടിയ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ വലിയ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്

dot image

ഓസ്‌ട്രേലിയയ്‌ക്കെതിരെ പെര്‍ത്തില്‍ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി. നാലാമനായി ക്രീസിലെത്തി 12 പന്തില്‍ അഞ്ച് റണ്‍സ് മാത്രം നേടിയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ പുറത്തായത്. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ ഉസ്മാന്‍ ഖവാജയ്ക്ക് ക്യാച്ച് നല്‍കിയാണ് കോഹ്‌ലി പുറത്തായത്.

പെര്‍ത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ വലിയ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കും ഹേസല്‍വുഡും പാറ്റ് കമ്മിന്‍സും പേസ് ആക്രമണത്തോടെ ഇന്ത്യയെ വരിഞ്ഞുമുറുക്കിയപ്പോള്‍ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ നിര്‍ണായകമായ മൂന്ന് വിക്കറ്റുകളും നഷ്ടമായി. എട്ട് പന്തില്‍ നിന്ന് ഒരു റണ്‍സ് പോലും കണ്ടെത്താനാവാതെ ജയ്സ്വാളും 23 പന്തില്‍ റണ്‍സ് കണ്ടെത്താനാവാതെ മലയാളി താരം ദേവ്ദത്ത് പടിക്കലുമാണ് ആദ്യം പുറത്തായത്.

രണ്ടാം വിക്കറ്റ് വീണതിനെ പിന്നാലെ ഏറെ പ്രതീക്ഷയോടെയാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി കളത്തിലിറങ്ങിയത്. എന്നാല്‍ ഇന്ത്യന്‍ പ്രതീക്ഷകളെ തച്ചുടച്ച് കോഹ്‌ലിയെ വെറും അഞ്ച് റണ്‍സെടുത്ത് പുറത്താക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയ.

പതിവുപോലെ ഫ്രന്റ് ഫൂട്ടില്‍ കളിക്കാന്‍ തിടുക്കം കാണിച്ചാണ് എഡ്ജില്‍ കോഹ്‌ലി പുറത്തായത്. ഹേസല്‍വുഡിന്റെ എക്‌സ്ട്രാ ബൗണ്‍സില്‍ കോഹ്‌ലി വീണത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. ബാറ്റിങ്ങിന് പ്രയാസമേറിയ പിച്ചില്‍ പിടിച്ചുനിൽക്കാൻ ഇന്ത്യയുടെ മുന്‍ നായകന് സാധിച്ചില്ലെന്നാണ് വിക്കറ്റിന് പിന്നാലെ ഉയരുന്ന വിമര്‍ശനം.

ടെസ്റ്റില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് കോഹ്‌ലി ഒറ്റ അക്കത്തിന് പുറത്താവുന്നത്. നേരത്തെ ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സുകളിലും കോഹ്‌ലി ഒറ്റയക്കത്തിന് (4,1) പുറത്തായിരുന്നു. 0, 70, 1, 17, 4, 1, 5 എന്നിങ്ങനെയാണ് ടെസ്റ്റില്‍ വിരാട് കോഹ്‌ലിയുടെ അവസാന ഏഴ് ഇന്നിങ്‌സുകള്‍.

Content Highlights: IND vs AUS, 1st Test: Josh Hazlewood sends Virat Kohli back

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us