ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെ നിലനിര്‍ത്തിയതില്‍ സന്തോഷമെന്ന് ബംഗ്ലാദേശ് പേസര്‍ മതീഷ പതിരാന. അരങ്ങേറ്റം മുതല്‍ ചെന്നൈയില്‍ തുടരണമെന്നാണ് തന്റെ ആഗ്രഹം. ഇപ്പോള്‍ ആ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. അതില്‍ ഏറെ സന്തോഷവാനാണ്. അബുദാബി ടി10 ലീഗിനിടയില്‍ പതിരാന പ്രതികരിച്ചു.
ഐപിഎൽ മെഗാലേലത്തിന് മുമ്പായി അഞ്ച് താരങ്ങളെയാണ് ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തിയത്. ചെന്നൈ നിരയിൽ ഇന്ത്യൻ മുൻ ഇതിഹാസം മഹേന്ദ്ര സിങ് ധോണിയുടെ സാന്നിധ്യം ഇനിയും ഉണ്ടാവും. അൺക്യാപ്ഡ് താരമായി നാല് കോടി രൂപയ്ക്കാണ് ധോണിയെ ബിസിസിഐ നിലനിർത്തിയിരിക്കുന്നത്. റുതുരാജ് ഗെയ്ക്ക്‌വാദും രവീന്ദ്ര ജഡേജയുമാണ് ചെന്നൈ നിരയിലെ ആദ്യ റീട്ടെൻഷനുകൾ. 18 കോടി രൂപ ചെന്നൈ ഇരുതാരങ്ങൾക്കും നൽകും. മതീഷ പതിരാന 13 കോടിയും ശിവം ദുബെ 12 കോടിയും വാങ്ങും. 55 കോടി രൂപ ചെന്നൈയ്ക്ക് ഇനി ലേലത്തിൽ ചിലവഴിക്കാൻ ബാക്കിയുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗ് 2025ന്റെ മെഗാലേലം നവംബർ 24, 25 തിയതികളിലാണ് നടക്കുക. ഇന്ത്യൻ സമയം വെെകുന്നേരം മൂന്ന് മണിക്കാണ് താരലേലം ആരംഭിക്കുക. സൗദിയിലെ ജിദ്ദയിലാണ് ലേലം നടക്കുക. 1,574 താരങ്ങളാണ് ഐപിഎൽ ലേലത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1,165 താരങ്ങൾ ഇന്ത്യക്കാരാണ്. 409 വിദേശ താരങ്ങളും ലേലത്തിനെത്തും. 320 പേര്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചവരാണ്. 1,224 താരങ്ങൾ അൺക്യാപ്ഡ് പട്ടികയിലാണുള്ളത്. 30 താരങ്ങൾ അസോസിയേറ്റ് രാജ്യങ്ങളിൽ ഉൾപ്പെടുന്നവരാണ്.
ഏറ്റവും കൂടുതൽ വിദേശ താരങ്ങൾ ലേലത്തിൽ ഉൾപ്പെട്ടിരിക്കുന്നത് ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ്. 91 താരങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലേലത്തില്‍ പങ്കെടുക്കും. ഓസ്ട്രേലിയയിൽ നിന്ന് 76 താരങ്ങൾ ലേലത്തിന്റെ ഭാഗമാകും. ഇംഗ്ലണ്ടിൽ നിന്ന് 52 താരങ്ങളും മെഗാലേലത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
Content Highlights: Matheesha Pathirana Thrilled To Be Retained By Chennai Super Kings