ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീമിൽ അരങ്ങേറിയതിന് പിന്നാലെ തന്റെ സന്തോഷം വ്യക്തമാക്കി യുവതാരം നിതീഷ് കുമാർ റെഡ്ഡി. ഇന്ത്യൻ ടീമിൽ അരങ്ങേറുകയെന്നത് ഏറ്റവും മികച്ച അനുഭവമാണ്. എക്കാലവും താൻ ഇന്ത്യൻ ടീമിൽ കളിക്കുന്നതിനായി ആഗ്രഹിച്ചു. വിരാട് കോഹ്‍ലിയിൽ നിന്ന് ഇന്ത്യൻ ക്യാപ് ലഭിച്ചതിൽ അതിലേറെ സന്തോഷമുണ്ട്. താൻ ക്രിക്കറ്റ് കളിച്ച് തുടങ്ങിയപ്പോൾ മുതൽ ഇഷ്ടതാരം വിരാട് കോഹ്‍ലിയാണ്. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ മത്സരത്തിന് ശേഷം നിതീഷ് കുമാർ റെഡ്ഡി പ്രതികരിച്ചു.
മത്സരത്തിന് മുമ്പ് ഗംഭീർ നൽകിയ ഉപദേശത്തെക്കുറിച്ചും നിതീഷ് പറഞ്ഞു.
പെർത്തിനെക്കുറിച്ച് താൻ ഒരുപാട് കേട്ടിട്ടുണ്ട്. അവസാന പരിശീലന സെഷനിൽ താൻ ഗംഭീറുമായി പിച്ചിനെക്കുറിച്ച് സംസാരിച്ചു. ബൗൺസറുകളും കൃത്യതയാർന്ന പന്തുകളും വന്നാൽ അത് നേരിടണം. രാജ്യത്തിന് വേണ്ടി ഒരു ബുള്ളറ്റ് നേരിടുകയാണെന്ന് കരുതണം. ഗംഭീറിന്റെ ആ ഉപദേശം തനിക്ക് ഗുണം ചെയ്തു. കളത്തിൽ താൻ രാജ്യത്തിന് വേണ്ടി ബുള്ളറ്റുകൾ നേരിടുകയാണെന്ന് കരുതിയാണ് കളിച്ചതെന്നും നിതീഷ് പറഞ്ഞു.
ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ ആയതും നിതീഷ് കുമാർ റെഡ്ഡിയാണ്. 59 പന്തിൽ ആറ് ഫോറും ഒരു സിക്സും സഹിതമാണ് നിതീഷ് 41 റൺസ് നേടിയത്. എന്നാൽ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ വെറും 150 റൺസിൽ എല്ലാവരും പുറത്തായി. 37 റൺസെടുത്ത റിഷഭ് പന്താണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട നിലയിൽ കളിച്ച മറ്റൊരു താരം. കെ എൽ രാഹുൽ 26 റൺസും നേടി. നാല് വിക്കറ്റ് നേടിയ ജോഷ് ഹേസൽവുഡാണ് ഇന്ത്യയെ തകർത്തത്.
അതിനിടെ മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയും ബാറ്റിങ് തകർച്ച നേരിടുകയാണ്. ഒന്നാം ദിവസം മത്സരം നിർത്തുമ്പോൾ ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് ഒപ്പമെത്താൻ ഓസ്ട്രേലിയയ്ക്ക് ഇനി 83 റൺസ് കൂടി വേണം. 19 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്ന അലക്സ് ക്യാരിയാണ് ഓസ്ട്രേലിയൻ നിരയിലെ ടോപ് സ്കോറർ. ഉസ്മാൻ ഖ്വാജ എട്ട്, നഥാൻ മക്സ്വീനി 10, മാർനസ് ലബുഷെയ്ൻ രണ്ട്, സ്റ്റീവ് സ്മിത്ത് പൂജ്യം, ട്രാവിസ് ഹെഡ് 11, മിച്ചൽ മാർഷ് ആറ്, പാറ്റ് കമ്മിൻസ് മൂന്ന് എന്നിങ്ങനെയാണ് ഓസ്ട്രേലിയൻ നിരയിലെ സ്കോറുകൾ. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര നാല് വിക്കറ്റെടുത്തു.
Content Highlights:Nitish Kumar Reddy on test debut