ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരങ്ങളായ യശസ്വി ജയ്സ്വാളും കെ എൽ രാഹുലും. 20 വർഷത്തിന് ശേഷം ഇതാദ്യമായി ഇന്ത്യൻ ഓപണിങ് സഖ്യം ഓസ്ട്രേലിയയിൽ 100 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണ്. 2004ൽ വിരേന്ദർ സെവാഗും ആകാശ് ചോപ്രയും ചേർന്ന സഖ്യമാണ് അവസാനമായി ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയ്ക്കായി ഓപണിങ് വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയത്. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ അന്ന് 124 റൺസ് നേടിയിരുന്നു. ഇതിനകം യശസ്വി ജയസ്വാളും കെ എൽ രാഹുലും തമ്മിലുള്ള പിരിയാത്ത കൂട്ടുകെട്ട് 172 റൺസിൽ എത്തിക്കഴിഞ്ഞു.
മറ്റൊരു ചരിത്ര നേട്ടത്തിന് അരികിലാണ് ഇന്ത്യയുടെ ഓപണിങ്ങ് ബാറ്റർമാർ. ഓസ്ട്രേലിയയിൽ ഇന്ത്യൻ ഓപണിങ് സഖ്യത്തിന്റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് 191 റൺസാണ്. സുനിൽ ഗാവസ്കർ-കൃഷ്ണമചാരി ശ്രീകാന്ത് സഖ്യം 1986ലാണ് ഈ റെക്കോർഡ് കുറിച്ചത്. 20 റൺസ് കൂടി കൂട്ടിച്ചേർക്കാനായാൽ ജയ്സ്വാൾ-രാഹുൽ സഖ്യത്തിന് ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യൻ ഓപണർമാർ നേടുന്ന എക്കാലത്തെയും വലിയ കൂട്ടുകെട്ട് സ്വന്തമാക്കാനാവും.
ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്. രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 172 റൺസെന്ന നിലയിലാണ്. യശസ്വി ജയ്സ്വാൾ 90 റൺസോടെയും കെ എൽ രാഹുൽ 62 റൺസോടെയും ക്രീസിൽ തുടരുകയാണ്. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ലീഡ് 218 റൺസിലെത്തി. നേരത്തെ രണ്ടാം ദിവസം രാവിലെ ഏഴിന് 67 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ 104 റൺസിൽ എല്ലാവരും പുറത്തായി. 46 റൺസിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ നേടിയത്.
Content Highlights: First time in 20 years, Indian Opening pair scripts unique records