സയ്യീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിൽ അപൂർവ്വ നേട്ടം കുറിച്ച് ഇന്ത്യൻ താരം ഹാർദിക്ക് പാണ്ഡ്യ. ട്വന്റി 20 ക്രിക്കറ്റിൽ 5,000 റൺസും 100ലധികം വിക്കറ്റുകളും നേടിയ ആദ്യ ഇന്ത്യൻ താരമായി ഹാർദിക്ക് പാണ്ഡ്യ. ട്വന്റി 20 ക്രിക്കറ്റിൽ 5,067 റൺസും 180 വിക്കറ്റുമാണ് ഹാർദിക്ക് നേടിയിരിക്കുന്നത്. 276 ട്വന്റി 20 മത്സരങ്ങളിൽ നിന്നാണ് താരം 5,000ത്തിലേറെ റൺസ് നേടിയത്.
മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ടിൽ ബറോഡ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. ടോസ് നേടിയ ബറോഡ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആര്യ ദേശായി നേടിയ 78 റൺസ് മികവിൽ ഗുജറാത്ത് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. ബറോഡയ്ക്കായി രവി ബിഷ്ണോയ് രണ്ട് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിലാണ് ഹാർദിക് പാണ്ഡ്യ തന്റെ മികവ് പുറത്തെടുത്തത്. 35 പന്തിൽ ആറ് ഫോറും അഞ്ച് സിക്സും സഹിതം ഹാർദിക് 74 റൺസുമായി പുറത്താകാതെ നിന്നു. ശിവലിക് ശർമ 64 റൺസ് നേടി. ഹാർദിക്കിന്റെ സഹോദരൻ ക്രൂണൽ പാണ്ഡ്യയാണ് ബറോഡയുടെ നായകൻ.
Content Highlights: Hardik Pandya Achieves Historic First