ബോർഡർ-ഗാവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 46 റൺസ് ലീഡ്. പെർത്തിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 150 റൺസ് പിന്തുടർന്ന ഓസ്‌ട്രേലിയ 104 റൺസിന് പുറത്തായി. ജസ്പ്രീത് ബുംറയുടെയും മറ്റ് പേസർമാരുടെയും തകർപ്പൻ ബൗളിങ് പ്രകടനമാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. വാലറ്റത്ത് മിച്ചൽ സ്റ്റാർക് ഓസീസിന് വേണ്ടി ചെറുത്ത് നിൽപ്പ് നടത്തി. 112 പന്തുകൾ നേരിട്ട സ്റ്റാർക്ക് 26 റൺസ് നേടി. സ്റ്റാർക്കിനെ കൂടാതെ 21 റൺസ് നേടിയ അലക്സ് ക്യാരി മാത്രമാണ് ഓസീസ് നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റൊരു താരം.
ഉസ്മാൻ ഖ്വാജ, എട്ട്, നഥാൻ മക്സ്വീനി ,10, മാർനസ് ലബുഷെയ്ൻ, രണ്ട്, സ്റ്റീവ് സ്മിത്ത്, പൂജ്യം, ട്രാവിസ് ഹെഡ് ,11, മിച്ചൽ മാർഷ്, ആറ്, പാറ്റ് കമ്മിൻസ്, മൂന്ന്, നഥാൻ ലിയോൺ, അഞ്ച്, ഹാസിൽവുഡ്അഞ്ച്, എന്നിങ്ങനെയാണ് ഓസ്ട്രേലിയൻ നിരയിലെ സ്കോറുകൾ. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ടും ഹർഷിത് റാണ മൂന്നും വിക്കറ്റും വീഴ്ത്തി.
India's unstoppable pace phenom Jasprit Bumrah 👊🤩#AUSvIND #WTC25 pic.twitter.com/hjQcSCqdZE
— ICC (@ICC) November 22, 2024
നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ ആർക്കും തന്നെ ഭേദപ്പെട്ട പ്രകടനം നടത്താൻ കഴിഞ്ഞില്ല. റൺസെടുക്കും മുമ്പ് യശസ്വി ജയ്സ്വാളും ദേവ്ദത്ത് പടിക്കലും വിക്കറ്റ് നഷ്ടപ്പെടുത്തി. മോശം ഫോം തുടരുന്ന വിരാട് കോഹ്‍ലി അഞ്ച് റൺസുമായി മടങ്ങി. നന്നായി കളിച്ചുവന്ന കെ എൽ രാഹുൽ ദൗർഭാഗ്യകരമായി പുറത്തായി. ഹേസൽവുഡിന്റെ പന്തിൽ വിക്കറ്റിന് പിന്നിൽ അലക്സ് ക്യാരി പിടികൂടിയപ്പോൾ രാഹുൽ നേടിയത് 26 റൺസ് മാത്രം. താരത്തിന്റെ ബാറ്റിൽ പന്ത് ഉരസിയില്ലെന്ന് ടെലിവിഷൻ റീപ്ലേയിൽ വ്യക്തമായിരുന്നെങ്കിലും സാങ്കേതിക വിദ്യയുടെ പിഴവില്‍ രാഹുൽ പുറത്തായി.
ധ്രുവ് ജുറേൽ 11, വാഷിങ്ടൺ സുന്ദർ നാല് എന്നിങ്ങനെയും റൺസെടുത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി. റിഷഭ് പന്തിന്റെ 37 റൺസും നിതീഷ് കുമാർ റെഡ്ഡിയുടെ 41 റൺസുമാണ് ഇന്ത്യൻ സ്കോർ 150ൽ എത്തിച്ചത്. ഓസ്ട്രേലിയയ്ക്കായി ജോഷ് ഹേസൽവുഡ് നാല് വിക്കറ്റെടുത്തു. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
Content Highlights: India lead by 46 runs vs Australia in first innings