പെര്‍ത്തില്‍ തിരുത്തിയത് 38 വർഷത്തെ ചരിത്രം; ജയ്‌സ്വാളും KL രാഹുലും കൂടി പടുത്തുയർത്തിയ റെക്കോർഡ്

ഇന്ത്യക്കായി ജയ്‌സ്വാളും രാഹുലും ചേര്‍ന്ന് ഓപണിങ് വിക്കറ്റില്‍ 201 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

dot image

ഓസീസ് മണ്ണില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ ഓപണര്‍മാരായ യശസ്വി ജയ്‌സ്വാളും കെ എല്‍ രാഹുലും. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയുടെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ റെക്കോര്‍ഡ് ഓപണിങ് കൂട്ടുകെട്ട് ഉയര്‍ത്തിയിരിക്കുകയാണ് ജയ്‌സ്വാളും രാഹുലും. പെര്‍ത്ത് ടെസ്റ്റിന്റെ മൂന്നാം ദിനം 172-0 എന്ന സ്‌കോറില്‍ ക്രീസിലിറങ്ങിയ ഇന്ത്യക്കായി ജയ്‌സ്വാളും രാഹുലും ചേര്‍ന്ന് ഓപണിങ് വിക്കറ്റില്‍ 201 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ഒന്നാം വിക്കറ്റില്‍ 201 റണ്‍സ് ചേര്‍ത്തതിന് പിന്നാലെ കെ എല്‍ രാഹുലിനെ പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്കാണ് കൂട്ടുകെട്ട് തകര്‍ത്തത്. 176 പന്തില്‍ 77 റണ്‍സെടുത്ത രാഹുലിനെ സ്റ്റാര്‍ക്ക് അലക്‌സ് ക്യാരിയുടെ കൈകളിലെത്തിക്കുകയായിരുന്നു. ഇതിനിടെ യശസ്വി ജയ്‌സ്വാള്‍ സെഞ്ച്വറി തികച്ചു. 205 പന്തില്‍ നിന്നാണ് ജയ്‌സ്വാള്‍ സെഞ്ച്വറി തന്റെ നാലാം ടെസ്റ്റ് സെഞ്ച്വറി കണ്ടെത്തിയത്. ജോഷ് ഹേസല്‍വുഡിനെ സിക്‌സറടിച്ചാണ് ജയ്‌സ്വാള്‍ ഓസീസ് മണ്ണില്‍ തന്റെ ആദ്യ ശതകം പൂര്‍ത്തിയാക്കിയത്.

ഇരട്ടസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഓസീസ് മണ്ണില്‍ ഇന്ത്യയുടെ 38 വര്‍ഷത്തെ ചരിത്രമാണ് രാഹുലും ജയ്‌സ്വാളും ചേര്‍ന്ന് തകര്‍ത്തത്. ഓസ്‌ട്രേലിയയില്‍ ഒരു ഇന്ത്യന്‍ ജോഡിയുടെ എക്കാലത്തെയും ഉയര്‍ന്ന ഓപണിങ് കൂട്ടുകെട്ട് എന്ന റെക്കോര്‍ഡ് രാഹുലിന്റെയും ജയ്‌സ്വാളിന്റെയും പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. 1986ല്‍ സിഡ്‌നിയില്‍ സുനില്‍ ഗവാസ്‌കറും കൃഷ്ണമാചാരി ശ്രീകാന്തും ചേര്‍ന്ന് അടിച്ചെടുത്ത 191 റണ്‍സിന്റെ കൂട്ടുകെട്ടാണ് പെര്‍ത്തില്‍ ജയ്‌സ്വാള്‍- രാഹുല്‍ സഖ്യം മറികടന്നത്.

രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്‍സെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ക്രീസിലിറങ്ങിയത്. പെര്‍ത്തിലെ രണ്ടാം ദിനത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഓസീസിനെ 104 റണ്‍സിന് ഓള്‍ഔട്ടാക്കിയ ഇന്ത്യ 46 റണ്‍സിന്റെ നിര്‍ണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു. അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെ പ്രകടനമാണ് ഓസീസിനെ കുഞ്ഞന്‍ സ്‌കോറില്‍ ഒതുക്കിയത്. അരങ്ങേറ്റക്കാരന്‍ ഹര്‍ഷിത് റാണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

Content Highlights: IND vs AUS: KL Rahul-Jaiswal 1st Indian opening pair to stitch 200-plus stand in Australia

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us