പെര്‍ത്തില്‍ പിടിമുറുക്കി ഇന്ത്യ; ഓസീസിന് മൂന്ന് വിക്കറ്റ് നഷ്ടം

ഇനി രണ്ട് ദിനവും ഏഴ് വിക്കറ്റും ബാക്കിയുള്ളപ്പോള്‍ ഓസീസിന് വിജയിക്കാന്‍ 522 റണ്‍സ് എടുക്കണം.

dot image

ഓസ്‌ട്രേലിയ്‌ക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഇന്ത്യ ഉയര്‍ത്തിയ 534 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഓസീസ് മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ‌ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സെന്ന നിലയിലാണ്. ഓപണര്‍ നഥാന്‍ മക്‌സ്വീനി (0), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (2), മാര്‍നസ് ലബുഷെയ്ന്‍ (3) എന്നിവരെയാണ് മൂന്നാം ദിനം ആതിഥേയര്‍ക്ക് നഷ്ടമായത്. മക്‌സ്വീനിയെയും ലബുഷെയ്‌നെയും ക്യാപ്റ്റന്‍ ജസ്പ്രീത് ബുംമ്ര വിക്കറ്റിന് മുന്നില്‍ കുരുക്കിയപ്പോള്‍ കമ്മിന്‍സിനെ സിറാജ് കോഹ്‌ലിയുടെ കൈകളിലെത്തിച്ചു. മൂന്ന് റണ്‍സുമായി ഉസ്മാന്‍ ഖവാജയാണ് ക്രീസില്‍. ഇനി രണ്ട് ദിനവും ഏഴ് വിക്കറ്റും ബാക്കിയുള്ളപ്പോള്‍ ഓസീസിന് വിജയിക്കാന്‍ 522 റണ്‍സ് എടുക്കണം.

നേരത്തെ ഓപണർ‌ യശസ്വി ജയ്സ്വാളിന്റെയും വിരാട് കോഹ്ലിയുടെയും സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ കൂറ്റൻ ലീഡെടുത്തത്. 143 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും പറത്തിയ കോലി 100 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ രണ്ടാം ഇന്നിംഗ്സ് 487-6ൽ ഡിക്ലയര്‍ ചെയ്ത ഇന്ത്യ ഓസീസിന് മുന്നില്‍ 534 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ചു.

27 പന്തില്‍ 38 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയും കോഹ്‌ലിക്കൊപ്പം പുറത്താകാതെ നിന്നു. കോഹ്‌ലിക്ക്‌ പുറമേ ഓപ്പണർമാരായ യശ്വസി ജയ്‌സ്വാൾ (161), കെ എൽ രാഹുൽ (77) എന്നിവരുടെ പ്രകടമാണ്‌ ഇന്ത്യയെ മികച്ച ലീഡിലെത്തിച്ചത്‌. വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രിസീലിറങ്ങിയ ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് ഇന്ന് ബാറ്റ് ചെയ്തത്. കെ എല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത്, ധ്രുവ് ജുറെല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്.

ആദ്യ സെഷനില്‍ 77 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ മാത്രം വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് രണ്ടാം സെഷനിലെ ആദ്യ പന്തില്‍ തന്നെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ (25) നഷ്ടമായിരുന്നു. ഹെയ്‌സല്‍വുഡാണ് പടിക്കലിനെ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ചത്. വിരാട് കോഹ് ലിയും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് ഇന്ത്യയെ 300 കടത്തിയതിന് പിന്നാലെ 161 റണ്‍സെടുത്ത ജയ്‌സ്വാളിനെ മിച്ചല്‍ മാര്‍ഷ് പുറത്താക്കി.

പിന്നീട് ഇന്ത്യക്ക് എട്ട് റണ്‍സ് കൂടി എടുക്കുന്നതിനിടെ റിഷഭ് പന്തിന്റെയും ധ്രുവ് ജുറെലിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. നാലു പന്തില്‍ ഒരു റണ്ണെടുത്ത ഋഷഭ് പന്തിനെ ലിയോണിന്റെ പന്തില്‍ അലക്‌സ് ക്യാരി സ്റ്റംപ് ചെയ്തപ്പോള്‍ ആറ് പന്തില്‍ ഒരു റണ്ണെടുത്ത ജുറെലിനെ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ 313-2ല്‍ നിന്ന് 321-5ലേക്ക് ഇന്ത്യ വീണെങ്കിലും കോഹ് ലിയ്ക്ക് വാഷിങ്ടണ്‍ സുന്ദറും നിതീഷ് കുമാര്‍ റെഡ്ഡിയും മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യൻ സ്‌കോര്‍ അതിവേഗം മുന്നേറി. നേരത്തെ ആദ്യ സെഷനില്‍ 201 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടിനൊടുവില്‍ കെ എല്‍ രാഹുലിനെ പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

Content Highlights: India vs Australia: AUS 12/3 (Target 534 runs) at Stumps vs IND in Perth

dot image
To advertise here,contact us
dot image