പൊന്നും വിലയുള്ള പന്ത് ഇനി ലഖ്‌നൗവില്‍; നേടിയത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുക

സൺറൈസേഴ്സ് ഹൈദരാബാദുമായുള്ള വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ലഖ്നൗ പന്തിനെ സ്വന്തമാക്കിയത്

dot image

2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താരലേലത്തിൽ റിഷഭ് പന്തിനെ റെക്കോർഡ് വിലയ്ക്ക് സ്വന്തമാക്കി ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 27 കോടി രൂപയ്ക്കാണ് ലഖ്‌നൗ പന്തിനെ തട്ടകത്തിലെത്തിച്ചത്. ഇന്ത്യൻ ടീമിന്റെ നിലവിലെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്ററായ പന്തിനെ സ്വന്തമാക്കാൻ മുൻ ഫ്രാഞ്ചൈസിയായ ഡൽഹി ക്യാപിറ്റൽസ് 20 കോടി രൂപ വിളിച്ചെങ്കിലും 27 കോടിക്ക് ലഖ്‌നൗ ലേലം ഉറപ്പിക്കുകയായിരുന്നു.

ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മാറിയിരിക്കുകയാണ് പന്ത്. ഇതേ നേട്ടം വെറും മിനിറ്റുകള്‍ക്കുള്ളിലാണ് ശ്രേയസ് അയ്യര്‍ക്ക് നഷ്ടമായത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്നാം കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യരും പൊന്നും വിലയ്ക്കാണ് ലേലത്തിൽ കൈമാറ്റം ചെയ്യപ്പെട്ടത്. 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് ശ്രേയസ് അയ്യരെ സ്വന്തമാക്കിയത്.

ലേലത്തിനു മുന്‍പ് തന്നെ ക്രിക്കറ്റ് ആരാധകർക്കിടയിലെ ഹോട്ട് ടോപ്പിക്കായിരുന്നു റിഷഭ് പന്ത്. താരത്തിനായി മിക്ക ടീമുകളും ശക്തമായി ലേലം വിളിച്ചു. ലേലത്തിന് മുമ്പ് പന്ത് ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് പോകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും താരത്തിന് വേണ്ടി ചെന്നൈ ശ്രമിക്കുക പോലും ചെയ്യാതിരുന്നതും ശ്രദ്ധേയമായി.

സൺറൈസേഴ്സ് ഹൈദരാബാദുമായുള്ള വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ലഖ്നൗ പന്തിനെ സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസ് റൈറ്റ് ടൂ മാച്ച് കാർഡ് ഉപയോഗിച്ചതോടെ ലഖ്നൗ 27 കോടി ഉയർത്തി വിളിച്ചാണ് റിഷഭ് പന്തിനെ സ്വന്തമാക്കിയത്.

2016ൽ ഡൽഹി ഡെയർഡെവിൾസിലൂടെ (ഡൽഹി ക്യാപിറ്റൽസ്) ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച റിഷഭ് പന്ത്, 2021ലാണ് ടീമിന്റെ നായകപദവി ഏറ്റെടുക്കുന്നത്. എന്നാൽ ഇത്തവണ താരത്തെ ഡൽഹി നിലനിർത്തിയില്ല. 2023ൽ സംഭവിച്ച ​​ഗുരുതരമായ കാറപടത്തിനുശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ പന്ത്, ഐപിഎല്ലിലും അന്താരാഷ്ട്ര മത്സരങ്ങളും മിന്നും പ്രകടനം പുറത്തെടുത്തിരുന്നു.

Content Highlights: IPL Auction 2025 : Rishabh Pant becomes most expensive IPL buy at ₹27 crore, Iyer fetches ₹26.75 crore deal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us