കഴിഞ്ഞ സീസണിൽ കെകെആറിനെ വിജയതീരത്തെത്തിച്ച നായകൻ ശ്രേയസ് അയ്യരെ തങ്ങളുടെ തട്ടകത്തിലെത്തിച്ച് പഞ്ചാബ്. 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് താരത്തെ ടീമിലെത്തിച്ചത്. പഞ്ചാബിന്റെ പുതിയ കോച്ചായി സ്ഥാനമേറ്റെടുത്ത റിക്കി പോണ്ടിങ്ങിന്റെ മാസ്റ്റർ സ്ട്രോക്കാണ് ഇതെന്ന് തന്നെ പറയാം. നേരത്തെ റിക്കി പോണ്ടിങ് ഡൽഹിയുടെ കോച്ചായിരുന്ന സമയത്താണ് അയ്യർ ഡൽഹിയുടെ നായകനായി അരങ്ങേറുന്നത്. അതിനു ശേഷം പരിക്ക് പറ്റിയതിനെ തുടർന്ന് റിഷഭ് പന്ത് ഡൽഹിയുടെ ക്യാപ്റ്റനായി അവരോധിതനാവുകയായിരുന്നു. പിന്നീട് പരിക്കിന് ശേഷം തിരിച്ചെത്തിയ അയ്യർക്ക് ക്യാപ്റ്റൻസി തിരികെ ലഭിച്ചതുമില്ല. അതിനെത്തുടർന്നാണ് കഴിഞ്ഞ സീസണുകളിൽ അയ്യർ കെകെആറിലേക്ക് ചേക്കേറിയത്.
ഇക്കുറി പഞ്ചാബിന്റെ നായകനായി അയ്യരെ തന്നെ പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ സീസണിൽ ടീമിനെ കിരീടത്തിലേക്ക് എത്തിച്ച നായകനായിരുന്നെങ്കിലും അയ്യരെ കെകെആർ നിലനിർത്താതിരുന്നത് നേരത്തെ വാർത്തയായിരുന്നു.
കഴിഞ്ഞ തവണ കപ്പ് ഉയര്‍ത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ കൊല്‍ക്കത്ത ടീം നിലനിർത്താത്തതിൽ ഏറെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കെകെആറിന് അവരുടെ ഏറ്റവും മികച്ച സീസണ്‍ സമ്മാനിക്കുകയും കിരീടനേട്ടത്തിലേക്ക് മുന്നില്‍ നിന്ന് നയിക്കുകയും ചെയ്ത ശ്രേയസ് അയ്യരെ ഒഴിവാക്കാനുള്ള കാരണം സംബന്ധിച്ചായിരുന്നു അഭ്യൂഹങ്ങള്‍. ഇതിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തി ടീം സി ഇ ഒ വെങ്കി മൈസൂര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ടീമില്‍ നിന്ന് ഒഴിവാകാനുള്ള തീരുമാനം ശ്രേയസ് അയ്യരുടേത് തന്നെയാണെന്നാണ് വെങ്കി വെളിപ്പെടുത്തി. ലേലത്തിലൂടെ തന്റെ വിപണി മൂല്യം അറിയാന്‍ ശ്രേയസ് ആഗ്രഹിക്കുന്നതായും വെങ്കി അന്ന് സൂചന നല്‍കിയിരുന്നു. അതിനൊപ്പം കഴിഞ്ഞ സീസണിലെ കിരീടം നേടിയ നായകനെന്ന നിലയിൽ ശ്രേയസ് അയ്യർ 30 കോടി പ്രതിഫലം കൂട്ടി ചോദിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് നൽകാൻ ടീം ഉടമകൾ വിസമ്മതിച്ചപ്പോൾ ഒരു പരീക്ഷണത്തിന് മെഗാ ലേലത്തിൽ സ്വയം വിട്ടുനൽകാൻ ശ്രേയസ് തീരുമാനിക്കുകയായിരുന്നുവെന്നും ചില ദേശീയ മാധ്യമങ്ങൾ ആ സമയത്ത് റിപ്പോർട്ട് ചെയ്തിരുന്നു.
2022 ലെ താരലേലത്തിൽ 12.25 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ കൊൽക്കത്ത വാങ്ങിയത്. തുടർന്നുള്ള സീസണുകളിലും ശ്രേയസിന് ഇതേ തുക തന്നെയാണു നൽകിയിരുന്നത്. ഇപ്പോഴിതാ ലേലത്തിലെത്തിയതോടെ ഇരട്ടിയിലധികമാണ് ശ്രേയസിന് ലഭിച്ചിരിക്കുന്നത്.
Content Highlights: IPL Auction 2025: Shreyas Iyer picked by punjab