ഹാപ്പി 'പെര്‍ത്ത്' ഡേ; ഒന്നാം ടെസ്റ്റിൽ ഓസീസിനെ നാണംകെടുത്തി ഇന്ത്യ, ബുംമ്രയ്ക്ക് എട്ട് വിക്കറ്റ്

ഇന്ത്യൻ ക്യാപ്റ്റൻ‌ ജ‌സ്പ്രീത് ബുംമ്രയുടെയും മുഹമ്മദ് സിറാജിന്റെയും പേസ് കൊടുങ്കാറ്റിന് മുന്നിൽ ഓസ്ട്രേലിയ തകർന്നടിയുകയായിരുന്നു

dot image

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഒന്നാം ടെസ്റ്റില്‍ 295 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ജസ്പ്രീത് ബുംമ്രയും സംഘവും പിടിച്ചെടുത്തത്. ഇന്ത്യൻ ക്യാപ്റ്റൻ‌ ജ‌സ്പ്രീത് ബുംമ്രയുടെയും മുഹമ്മദ് സിറാജിന്റെയും പേസ് കൊടുങ്കാറ്റിന് മുന്നിൽ ഓസ്ട്രേലിയ തകർന്നടിയുകയായിരുന്നു. 534 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ 238 റണ്‍സിന് ഓൾഔട്ടായി. ബുംമ്രയും സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും നീതീഷ് റെഡ്ഡി ഒരു വിക്കറ്റും വീഴ്ത്തി.

ബുംമ്ര ടെസ്റ്റില്‍ ഒന്നാകെ എട്ട് വിക്കറ്റ് വീഴ്ത്തി. 89 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. രണ്ടാം ടെസ്റ്റ് ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡില്‍ ആരംഭിക്കും. ഡേ-നൈറ്റ് ടെസ്റ്റാണ് അഡ്‌ലെയ്ഡിലേത്.

ഓപ്പണർ നഥാൻ മക്സ്വീനി (നാലു പന്തിൽ 0), നൈറ്റ് വാച്ച്മാനായി എത്തിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് (എട്ടു പന്തിൽ രണ്ട്), മാർനസ് ലബുഷെയ്ൻ (അഞ്ച് പന്തിൽ മൂന്ന്) എന്നിവരെയായിരുന്നു രണ്ടാം ഇന്നിങ്സിന്റെ തുടക്കത്തിൽ ഓസീസിന് നഷ്ടമായത്. 12ന് മൂന്ന് എന്ന നിലയില്‍ നാലാം ദിനം കളി ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് തുടക്കം തന്നെ ഉസ്മാന്‍ ഖവാജയെ നഷ്ടപ്പെട്ടു. ടീം സ്‌കോര്‍ 17 റണ്‍സില്‍ നില്‍ക്കെ താരത്തെ മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈയ്യിലെത്തിക്കുകയായിരുന്നു. ടീം സ്കോർ 79ൽ നിൽക്കെ സ്റ്റീവ് സ്മിത്തിനെ വിക്കറ്റ് കീപ്പറുടെ കയ്യിലെത്തിച്ച് സിറാജ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 17 റൺസായിരുന്നു സ്മിത്തിന്‍റെ സമ്പാദ്യം.

നാലാം ദിനം ഓസീസിന് വേണ്ടി ചെറുത്തുനിന്ന സൂപ്പര്‍ താരം ട്രാവിസ് ഹെഡിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംമ്ര പുറത്താക്കി. 101 പന്തില്‍ 89 റണ്‍സെടുത്ത ഹെഡിനെ ബുംമ്ര വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഹെഡിന് പിന്നാലെ മിച്ചല്‍ മാര്‍ഷിനെയും (47) മിച്ചല്‍ സ്റ്റാര്‍ക്കിനെയും (12) ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായി. മാര്‍ഷിനെ നിതീഷ് കുമാര്‍ റെഡ്ഡി ബൗള്‍ഡാക്കിയപ്പോള്‍ സ്റ്റാര്‍ക്കിനെ വാഷിങ്ടണ്‍ സുന്ദര്‍ ധ്രുവ് ജുറേലിന്റെ കൈകളിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ നഥാന്‍ ലിയോണ്‍ (0) അതിവേഗം മടങ്ങി. താരത്തെ വാഷിങ്ടണ്‍ സുന്ദര്‍ ബൗള്‍ഡാക്കുകയായിരുന്നു. 58 പന്തില്‍ 36 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് ക്യാരിയെ ബൗള്‍ഡാക്കി ഹര്‍ഷിത് റാണയാണ് ഓസീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

നേരത്തെ ഓപണർ‌ യശസ്വി ജയ്സ്വാളിന്റെയും വിരാട് കോഹ്ലിയുടെയും സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ കൂറ്റൻ ലീഡെടുത്തത്. 143 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും പറത്തിയ കോലി 100 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ രണ്ടാം ഇന്നിംഗ്സ് 487-6ൽ ഡിക്ലയര്‍ ചെയ്ത ഇന്ത്യ ഓസീസിന് മുന്നില്‍ 534 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെക്കുകയായിരുന്നു.

Content Highlights: India vs Australia, Border Gavaskar Trophy‌: India crush Australia by 295 runs, take 1-0 lead in series

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us