'കോടികളെറിഞ്ഞ് പന്തിനെ റാഞ്ചിയതിന് പിന്നില്‍ ഒറ്റ ലക്ഷ്യം മാത്രം'; മനസ് തുറന്ന് ലഖ്‌നൗ ടീം ഉടമ

ഐപിഎല്‍ ചരിത്രത്തില്‍ തന്നെ റെക്കോര്‍ഡ് തുകയായ 27 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് പന്തിനെ തട്ടകത്തിലെത്തിച്ചത്

dot image

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തായിരുന്നു ഐപിഎല്‍ 2025 മെഗാതാരലേലത്തിന്റെ ഒന്നാം ദിനത്തിലെ സൂപ്പര്‍ സ്റ്റാര്‍. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ റെക്കോര്‍ഡ് തുകയായ 27 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് പന്തിനെ തട്ടകത്തിലെത്തിച്ചത്. ഇപ്പോള്‍ പൊന്നുംവില കൊടുത്ത് പന്തിനെ സ്വന്തമാക്കിയതിന് പിന്നിലെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ലഖ്‌നൗ ടീം ഉടമകളായ സഞ്ജീവ് ഗോയങ്കയും മകന്‍ ശാശ്വത് ഗോയങ്കയും.

ഇത്രയും കോടികള്‍ മുടക്കി പന്തിനെ തട്ടകത്തിലെത്തിക്കണമായിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ശാശ്വത്. 'നിങ്ങള്‍ എത്ര പ്ലാന്‍ ചെയ്താലും എപ്പോഴും അതുപോലെ തന്നെ നടക്കണമെന്നില്ല. 27 കോടി നല്‍കി പന്തിനെ ടീമിലെത്തിച്ചത് ഞങ്ങളെ സംബന്ധിച്ചിടത്തോളം നല്ലതായിരുന്നു. 27 കോടി ഒരു മാജിക് നമ്പറല്ല. ആര്‍ടിഎം നല്‍കാതിരിക്കാന്‍ ഞങ്ങള്‍ക്ക് ആ തുക അത്യാവശ്യമായിരുന്നു.' ശാശ്വത് പറഞ്ഞതിങ്ങനെ.

സഞ്ജീവ് ഗോയങ്കയും പന്തിന്റെ ഡീലിനെ കുറിച്ച് സംസാരിച്ചു. 'ഇതും ഞങ്ങളുടെ പദ്ധതിയുടെ ഭാഗമായിരുന്നു. റിഷഭ് പന്ത് ഞങ്ങളുടെ ലിസ്റ്റില്‍ എപ്പോഴും ഉണ്ടായിരുന്നു. അദ്ദേഹത്തിന് വേണ്ടി കോടികള്‍ കരുതുകയും ചെയ്തിരുന്നു. എങ്കിലും 27 കോടിയെന്നത് കുറച്ച് ഉയര്‍ന്ന തുക തന്നെയാണ്. പക്ഷേ പന്തിനെ ടീമിലെത്തിക്കാനായതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. വളരെ മികച്ച താരവും മാച്ച് വിന്നറുമാണ് റിഷഭ് പന്ത്. അദ്ദേഹം ലഖ്‌നൗവിന്റെ ഭാഗമായതില്‍ ആരാധകര്‍ അതിയായി സന്തോഷിക്കുന്നുണ്ടാവും', ലേലത്തിന് ശേഷം ഗോയങ്ക വ്യക്തമാക്കി.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 27 കോടി രൂപയ്ക്കാണ് ലഖ്നൗ പന്തിനെ തട്ടകത്തിലെത്തിച്ചത്. ഇന്ത്യന്‍ ടീമിന്റെ നിലവിലെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ പന്തിനെ സ്വന്തമാക്കാന്‍ മുന്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപിറ്റല്‍സ് 20 കോടി രൂപ വിളിച്ചെങ്കിലും 27 കോടിക്ക് ലഖ്നൗ ലേലം ഉറപ്പിക്കുകയായിരുന്നു.

ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മാറിയിരിക്കുകയാണ് പന്ത്. ഇതേ നേട്ടം വെറും മിനിറ്റുകള്‍ക്കുള്ളിലാണ് ശ്രേയസ് അയ്യര്‍ക്ക് നഷ്ടമായത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്നാം കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യരും പൊന്നും വിലയ്ക്കാണ് ലേലത്തിൽ കൈമാറ്റം ചെയ്യപ്പെട്ടത്. 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് ശ്രേയസ് അയ്യരെ സ്വന്തമാക്കിയത്.

ലേലത്തിനു മുന്‍പ് തന്നെ ക്രിക്കറ്റ് ആരാധകർക്കിടയിലെ ഹോട്ട് ടോപ്പിക്കായിരുന്നു റിഷഭ് പന്ത്. താരത്തിനായി മിക്ക ടീമുകളും ശക്തമായി ലേലം വിളിച്ചു. ലേലത്തിന് മുമ്പ് പന്ത് ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് പോകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും താരത്തിന് വേണ്ടി ചെന്നൈ ശ്രമിക്കുക പോലും ചെയ്യാതിരുന്നതും ശ്രദ്ധേയമായി.

സൺറൈസേഴ്സ് ഹൈദരാബാദുമായുള്ള വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ലഖ്നൗ പന്തിനെ സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസ് റൈറ്റ് ടൂ മാച്ച് കാർഡ് ഉപയോഗിച്ചതോടെ ലഖ്നൗ 27 കോടി ഉയർത്തി വിളിച്ചാണ് റിഷഭ് പന്തിനെ സ്വന്തമാക്കിയത്.

Rishabh Pant
റിഷഭ് പന്ത്

2016ൽ ഡൽഹി ഡെയർഡെവിൾസിലൂടെ (ഡൽഹി ക്യാപിറ്റൽസ്) ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച റിഷഭ് പന്ത്, 2021ലാണ് ടീമിന്റെ നായകപദവി ഏറ്റെടുക്കുന്നത്. എന്നാൽ ഇത്തവണ താരത്തെ ഡൽഹി നിലനിർത്തിയില്ല. 2023ൽ സംഭവിച്ച ​​ഗുരുതരമായ കാറപടത്തിനുശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ പന്ത്, ഐപിഎല്ലിലും അന്താരാഷ്ട്ര മത്സരങ്ങളും മിന്നും പ്രകടനം പുറത്തെടുത്തിരുന്നു.

Content Highlights: LSG Owner On Record-Breaking Bid For Rishabh Pant At IPL 2025 Auction

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us