സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ കേരളത്തിന് നിരാശപ്പെടുത്തുന്ന തോല്‍വി. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു കേരളം പരാജയം വഴങ്ങിയത്. കേരളം ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം മഹാരാഷ്ട്ര 19.5 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 18 പന്തില്‍ 43 റണ്‍സുമായി പുറത്താവാതെ നിന്ന ദിവ്യാങ് ഹിൻഗനേക്കറാണ് മഹാരാഷ്ട്രയ്ക്ക് വിജയം സമ്മാനിച്ചത്. രാഹുല്‍ ത്രിപാദി 28 പന്തില്‍ 44 റണ്‍സ് നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി. രോഹന്‍ കുന്നുമ്മല്‍ (45), മുഹമ്മദ് അസറുദ്ദീന്‍ (40), സച്ചിന്‍ ബേബി (പുറത്താവാതെ 40) എന്നിവരുടെ ഇന്നിങ്സുകളാണ് കേരളത്തിന് കരുത്തായത്. കേരളത്തിന് ഭേദപ്പെട്ട തുടക്കമായിരുന്നു ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും രോഹന്‍ കുന്നുമ്മേലും 43 റണ്‍സ് ചേര്‍ത്തു. എന്നാല്‍ സഞ്ജുവിനെ (19) അര്‍ഷിന്‍ കുല്‍ക്കര്‍ണി പുറത്താക്കി. തുടര്‍ന്നെത്തിയ വിഷ്ണു വിനോദിനും (9) സല്‍മാന്‍ നിസാറിനും (1) അധികനേരം ക്രീസിൽ തുടരാനായില്ല. ഇതോടെ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 55 റൺസെന്ന നിലയിലായി. പിന്നീടെത്തിയ അസറുദ്ദീനെ കൂട്ടുപിടിച്ച് രോഹന്‍ 33 റണ്‍സ് കൂട്ടിചേര്‍ത്തു. 24 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 45 റൺസെടുത്ത് രോഹന്‍ മടങ്ങി.
Captian ruturaj shake hand with sanju samson after win 🔥 pic.twitter.com/rB9t04y39Z
— cricket Sevak 🦘🏆 (@Cricket_Sevak) November 25, 2024
രോഹന്‍ മടങ്ങിയെങ്കിലും സച്ചിനൊപ്പം ചേര്‍ന്ന് അസറുദ്ദീന്‍ സ്കോർ ഉയർത്തി. ഇരുവരും ചേർന്ന വിക്കറ്റിൽ 48 റണ്‍സാണ് പിറന്നത്. 29 പന്തുകള്‍ നേരിട്ട് രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 40 റൺസെടുത്ത് അസറുദ്ദീന്‍ മടങ്ങി. തുടർന്ന് ക്രീസിലെത്തിയ അബ്ദുള്‍ ബാസിത് (14 പന്തില്‍ 24) സ്‌കോര്‍ 150 കടത്തി. പിന്നാലെയെത്തിയ വിനോദ് കുമാറും (0) അതേ ഓവറിൽ പുറത്തായി. അഖില്‍ സ്‌കറിയ (4), സച്ചിന്‍ ബേബിക്കൊപ്പം (40) പുറത്താവാതെ നിന്നു.
188 റൺസ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ മഹാരാഷ്ട്രയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദിനെ (1) തുടക്കം തന്നെ മഹാരാഷ്ട്രയ്ക്ക് നഷ്ടമായി. വൺഡൗണായി എത്തിയ രാഹുല്‍ ത്രിപാദി- അര്‍ഷിന്‍ കുല്‍ക്കര്‍ണി സഖ്യം രണ്ടാം വിക്കറ്റിൽ 46 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കുല്‍ക്കര്‍ണിയെ (28 പന്തില്‍ 44) പുറത്താക്കി അബ്ദുള്‍ ബാസിത് കേരളത്തിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. കുല്‍ക്കര്‍ണി മടങ്ങിയെങ്കിലും എ എന്‍ കാസിയെ (32) കൂട്ടുപിടിച്ച് ത്രിപാദി 49 റണ്‍സും ചേര്‍ത്തു. പിന്നാലെ എന്‍ എസ് നായ്ക്ക് (10), ധന്‍രാജ് ഷിന്‍ഡെ (4) എന്നിവരും നിരാശപ്പെടുത്തിയതോടെ മഹാരാഷ്ട്ര ആറ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെന്ന നിലയിലായി.
അവസാന ഓവറില്‍ ഏഴ് റണ്‍സാണ് മഹാരാഷ്ട്രയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. കേരളം വിജയിക്കുമെന്ന് തോന്നിച്ച നിമിഷം മഹാരാഷ്ട്രയുടെ ഹിൻഗനേക്കര്‍ ഒരറ്റത്ത് ഉറച്ചുനിന്ന് വിജയം പിടിച്ചെടുത്തു. ഏഴാമനായി ക്രീസിലെത്തിയ ഹിൻഗനേക്കർ 18 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 43 റൺസുമായി പുറത്താകാതെ നിന്നു. ആര്‍ എസ് ഘോഷ് (5 പന്തില്‍ പുറത്താവാതെ 13) നിര്‍ണായക സംഭാവന നല്‍കി.
Content Highlights: Syed Mushtaq Ali Trophy: Maharashtra beats Kerala