ഐപിഎല്‍ 2025 മെഗാ താരലേലത്തിന്റെ രണ്ടാംദിനം വളരെ കൗതുകകരമായ മുഹൂര്‍ത്തത്തിനാണ് ആരാധകർ സാക്ഷിയായത്. ലേലവേദിയിൽ മുംബൈ ഇന്ത്യൻസിന്റെയും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെയും ഉടമകളുടെ കൂടിക്കാഴ്ചയാണ് ആരാധകരെ ആവേശത്തിലാക്കിയത്. ലേലത്തില്‍ ഇംഗ്ലീഷ് താരം വിൽ ജാക്‌സിനെ ടീമിലെത്തിച്ചതിന് പിന്നാലെ മുംബൈ ടീമുടമ ആകാശ് അംബാനി റോയൽ ചലഞ്ചേഴ്സ് ടീമുടമകളുടെ അടുത്തേക്ക് വന്ന് നന്ദി അറിയിക്കുകയായിരുന്നു.
Akash Ambani went to the RCB table to thank the RCB CEO after getting Will Jacks. pic.twitter.com/dfXa3cWNqq
— Mufaddal Vohra (@mufaddal_vohra) November 25, 2024
കഴിഞ്ഞ സീസണിൽ ആർസിബിയുടെ താരമായിരുന്ന ജാക്‌സിനെ ആര്‍സിബി നിലനിര്‍ത്താതെ വിട്ടു നല്‍കിയതാണ് മുംബൈ ക്യാംപിനെ വലിയ ആവേശത്തിലാക്കിയത്. മുന്‍ താരത്തെ ആര്‍ടിഎം ഓപ്ഷന്‍ ഉപയോഗിച്ച് നിലനിർത്താമായിരുന്നെങ്കിലും ആർസിബി അതിന് തയ്യാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് ലേലത്തിന്റെ ബ്രേക്കിനിടെ മുംബൈ ടീമുടമ ആകാശ് ആര്‍സിബി ഉടമകളുടെ അടുത്തേക്ക് വന്ന് പരസ്യമായി നന്ദി അറിയിച്ചത്. ഇതിന്റെ വീഡിയോ വൈറലാവുകയും ചെയ്തിരിക്കുകയാണ്.
മെഗാ ലേലത്തില്‍ 5.2 കോടി രൂപയ്ക്കാണ് ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററായ വില്‍ ജാക്‌സിനെ മുംബൈ ഇന്ത്യന്‍സ് തട്ടകത്തിലെത്തിച്ചത്. രണ്ട് കോടി രൂപയെന്ന അടിസ്ഥാന വിലയ്ക്ക് ലേലത്തിലെത്തിയ താരത്തിന് ജാക്‌സിന് വേണ്ടി പല ടീമുകളും രംഗത്തെത്തി. ഒടുവില്‍ 5.2 കോടി രൂപയ്ക്ക് മുംബൈ ലേലമുറപ്പിച്ചു. ജാക്സിനെ ആര്‍ടിഎം ഓപ്ഷന്‍ ഉപയോഗിച്ച് നിലനിര്‍ത്താന്‍ ആര്‍സിബിക്ക് സാധിക്കുമായിരുന്നു. ജാക്‌സിനെ നിലനിര്‍ത്തുന്നുണ്ടോയെന്ന് ഓക്ഷണര്‍ ചോദിച്ചെങ്കിലും ആര്‍സിബി ഇല്ലെന്ന് അറിയിച്ചതോടെയാണ് താരം മുംബൈയിലെത്തിയത്.
Content Highlights: Akash Ambani walks to RCB's auction table to shake hands after Will Jacks deal