ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ബാറ്റിങ് തകർച്ച നേരിട്ട് ദക്ഷിണാഫ്രിക്ക. മഴ ഭൂരിഭാഗം സമയവും വില്ലനായെത്തിയ ആദ്യ ദിവസത്തിൽ 20.4 ഓവർ മാത്രമാണ് മത്സരം നടന്നത്. നാല് വിക്കറ്റ് നഷ്ടത്തിൽ 80 റൺസാണ് ആദ്യ ദിവസം ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്.
ടോസ് നേടിയ ശ്രീലങ്ക ഫീൽഡിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ സ്കോർ ബോർഡിൽ 14 റൺസ് എത്തിയപ്പോഴേയ്ക്കും ഓപണർമാർ ഡ്രെസ്സിങ് റൂമിൽ മടങ്ങിയെത്തി. എയ്ഡൻ മാർക്രം ഒമ്പത് റൺസോടെയും ടോണി ഡെ സോർസി നാല് റൺസോടെയും ക്രീസ് വിട്ടു. പിന്നാലെ ട്രിസ്റ്റൺ സ്റ്റബ്സ് 16 റൺസെടുത്തും ഡേവിഡ് ബെഡിങ്ഹാം നാല് റൺസെടുത്തും പുറത്തായി.
ആദ്യ ദിവസം മത്സരം നിർത്തുമ്പോൾ 28 റൺസെടുത്ത തെംബ ബാവുമയും ഒമ്പത് റൺസെടുത്ത കെയ്ൽ വെറെയ്നെയുമാണ് ക്രീസിലുള്ളത്. ശ്രീലങ്കൻ നിരയിൽ ലഹിരു കുമാര രണ്ടും വിശ്വ ഫെർണാണ്ടോ, അസിത ഫെർണാണ്ടോ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ശ്രീലങ്ക മൂന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക അഞ്ചാം സ്ഥാനത്തുമാണ്. ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഇരുടീമുകൾക്കും പരമ്പര വിജയം അനിവാര്യമാണ്.
Content Highlights: Amid South Africa batter failed to make impress rain plays spoilsport