ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേലത്തിൽ കെ എൽ രാഹുലിനെ സ്വന്തമാക്കിയിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ്. പിന്നാലെ രാഹുലിന്റെ മുൻ ടീം ലഖ്നൗ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്കയെ പരിഹസിച്ച് ഡൽഹി ക്യാപിറ്റൽസ് ഉടമ പാർഥ് ജിൻഡൽ രംഗത്തെത്തി. 'കെ എൽ രാഹുൽ നിലവാരമുള്ള താരമാണെന്ന് താൻ വിശ്വസിക്കുന്നു. 14 കോടിയെന്ന തുകയ്ക്ക് രാഹുലിനെ സ്വന്തമാക്കാൻ കഴിഞ്ഞത് ടീമിൽ കുടുതൽ താരങ്ങളെ സ്വന്തമാക്കാൻ സഹായകരമായി. രാഹുലിനെ തനിക്ക് ഏറെക്കാലമായി അറിയാം. തന്റെ മികച്ചൊരു സുഹൃത്താണ് രാഹുൽ. അയാൾ അർഹിക്കുന്ന സ്നേഹവും ബഹുമാനവും ഡൽഹി ക്യാപിറ്റൽസിൽ നിന്നും ലഭിക്കും. ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാൻ രാഹുലിന് കഴിയുമെന്നാണ് പ്രതീക്ഷ'യെന്നും പാർഥ് ജിൻഡൽ റെവ്സ്പോർട്സിനോട് പറഞ്ഞു.
കഴിഞ്ഞ സീസണിൽ ലഖ്നൗ സൂപ്പർ ജയന്റ്സിലായിരുന്നു രാഹുൽ. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയാണ് രാഹുൽ കളിക്കുന്നതെന്നും ടീമിന്റെ വിജയത്തിനായി ശ്രമിക്കുന്നില്ലെന്നുമായിരുന്നു താരത്തെക്കുറിച്ച് സഞ്ജീവ് ഗോയങ്കയുടെ പരാതി. മെഗാലേലത്തിൽ രാഹുലിനായി ഒരുഘട്ടത്തിലും ലഖ്നൗ സൂപ്പർ ജയന്റ്സ് രംഗത്തെത്തിയതുമില്ല. അതിനിടെ റിഷഭ് പന്ത് ടീം വിട്ടതോടെ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് കെ എൽ രാഹുൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ജെയ്ക് ഫ്രെയ്സർ മക്ഗർഗിനൊപ്പം രാഹുൽ ഡൽഹി നിരയുടെ ഓപണറാകാനും സാധ്യതയുണ്ട്.
ഐപിഎൽ 2025നുള്ള ഡൽഹി ക്യാപിറ്റൽസ് ടീം: മിച്ചൽ സ്റ്റാർക്, കെ എൽ രാഹുൽ, ഹാരി ബ്രൂക്ക്, ജെയ്ക് ഫ്രെയ്സർ മക്ഗർഗ്, ടി നടരാജൻ, കരുൺ നായർ, മോഹിത് ശർമ, സമീർ റിസ്‍വി, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ട്രിസ്റ്റൻ സ്റ്റബ്സ്, അഭിഷേക് പോറൽ, ഫാഫ് ഡു പ്ലെസിസ്, മുകേഷ് കുമാർ, ദർശൻ നാൽക്കാണ്ടെ, വിപരാജ് നിഗം, ദുഷ്മന്ത ചമീര, ഡൊണോവൻ ഫെരേര, അജയ് മൻഡൽ, മൻവൻത് കുമാർ ത്രിപുരണ വിജയ്, മാധവ് തിവാരി.
Content Highlights: DC co-owner Parth Jindal's indirect dig at LSG's Sanjiv Goenka after buying KL Rahul for INR 14 crore in IPL auction