ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിലെ താരങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നതയെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ട്രാവിസ് ഹെഡ്. ഓസീസ് പേസർ ജോഷ് ഹേസൽവുഡിന്റെ വാക്കുകളാണ് താരങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന ആരോപണങ്ങൾക്ക് ഇടയാക്കിയത്. പെർത്ത് ടെസ്റ്റിന്റെ നാലാം ദിവസം ഓസ്ട്രേലിയൻ ബാറ്റിങ് യൂണിറ്റ് എങ്ങനെയാണ് ഇന്ത്യൻ ബൗളർമാരെ നേരിടാൻ പദ്ധതിയെന്നാണ് ഹേസൽവുഡ് നേരിട്ട ചോദ്യം. ഇക്കാര്യം ബാറ്റിങ് യൂണിറ്റിലെ ആരോടെങ്കിലും ചോദിക്കണമെന്നായിരുന്നു ഹേസൽവുഡ് മറുപടി പറഞ്ഞത്.
താൻ ഇപ്പോൾ ടീം ഫിസിയോയിൽ നിന്നും ചികിത്സ തേടാൻ പോകുകയാണ്. അടുത്ത മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാക്കെതിരെ എന്ത് ചെയ്യാൻ കഴിയുമെന്നാണ് താൻ ആലോചിക്കുന്നത്. ബാറ്റർമാർക്ക് അവരുടേതായ പദ്ധതികൾ ഉണ്ടാവുമെന്നാണ് ഹേസൽവുഡ് പ്രതികരിച്ചത്. ഈ വാക്കുകൾ കേട്ടതോടെയാണ് ഓസ്ട്രേലിയൻ ഡ്രസ്സിങ് റൂമിൽ അസ്വസ്ഥതകൾ ഉണ്ടാകുമെന്ന് മുൻ താരം ആദം ഗിൽക്രിസ്റ്റ് ഉൾപ്പെടെയുള്ളവർ പ്രതികരണം നടത്തിയത്.
ഡ്രസ്സിങ് റൂമിൽ എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു. ടീമിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതെ നോക്കേണ്ടത് സീനിയർ താരങ്ങളാണെന്നാണ് മുൻ താരം ഡേവിഡ് വാർണർ പറഞ്ഞത്. എന്നാൽ ആരോപണങ്ങളോട് പ്രതികരിച്ച ട്രാവിസ് ഹെഡ് ഓസ്ട്രേലിയൻ ടീമിൽ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നാണ് പറഞ്ഞത്.
എനിക്ക് തോന്നുന്നത് ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ മോശം സമയത്ത് ആളുകൾ പ്രതികരണം നടത്തുകയാണ് എന്നാണ്. അത് കുഴപ്പമില്ല. എന്നാൽ ഓസ്ട്രേലിയൻ ടീമിലെ താരങ്ങൾക്കിടയിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ഒരു ഗ്രൂപ്പായാണ് ടീം മുന്നോട്ടുപോകുന്നത്. മത്സരങ്ങൾ വിജയിച്ചാലും സമനിലയിൽ ആയാലും താരങ്ങൾ സംഭാഷണങ്ങൾ നടത്തും. പെർത്തിലെ തോൽവിയിൽ ടീമിലെ താരങ്ങൾ കടുത്ത നിരാശയിലായിരുന്നുവെന്നതിൽ സംശയം ഒന്നുമില്ലെന്നും ഹെഡ് 7 ന്യൂസ് ചാനലിനോട് പ്രതികരിച്ചു.
Content Highlights: Divide In Australian Dressing Room Amid Loss vs India In Perth? Travis Head Breaks Silence