'വെറുതെയല്ല CSK പൊന്നും വിലയ്ക്ക് ടീമിലെടുത്തത്!', മുംബൈ നായകൻ ഹാർദികിനെ 'പഞ്ഞിക്കിട്ട്' വിജയ് ശങ്കർ

മത്സരത്തിൽ വിജയ് ശങ്കറിന്റെ അവസാനനിമിഷ ക്യാമിയോ ഇന്നിങ്സാണ് തമിഴ് നാടിന്റെ സ്കോർ 200 കടത്തിയത്.

dot image

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തിയതിനു പിന്നാലെ തകർപ്പൻ ഫോമോടെ തിളങ്ങിനിൽക്കുകയാണ് ഇന്ത്യൻ ഓൾറൗണ്ടറായ വിജയ് ശങ്കർ. ബറോഡയ്ക്കെതിരായ തമിഴ്നാടിന്റെ സയ്യി​ദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ വിജയ് ശങ്കറിന്റെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞത് ഇന്ത്യൻ ഓൾറൗണ്ടറായ സാക്ഷാൽ ഹാർദിക് പാണ്ഡ്യയാണ്.


ടോസ് നേടിയ ഹാർദികിന്റെ ചേട്ടനും ബറോഡ നായകനുമായ ക്രുനാൽ പാണ്ഡ്യ ഫീൽഡിങ്ങാണ് തിരഞ്ഞെടുത്തത്. മത്സരത്തിൽ വിജയ് ശങ്കറിന്റെ അവസാനനിമിഷ ക്യാമിയോ ഇന്നിങ്സാണ് തമിഴ് നാടിന്റെ സ്കോർ 200 കടത്തിയത്. 22 പന്തിൽ 42 റൺസാണ് വിജയ് ശങ്കർ നേടിയത്. അ‍ഞ്ചാമനായി ബാറ്റ് ചെയ്യാനിറങ്ങിയ വിജയ് ശങ്കർ ഹാർദിക് പാണ്ഡ്യയുടെ ഒരോവറിൽ മൂന്ന് പടുകൂറ്റൻ സിക്സറുകളാണ് നേടിയത്.

കഴിഞ്ഞ ദിനം സമാപിച്ച ഐപിഎൽ ഓക്ഷനിൽ 30 ലക്ഷം അടിസ്ഥാനവിലയുണ്ടായിരുന്ന ശങ്കറിനെ 1.20 കോടി രൂപയ്ക്കാണ് ചെന്നൈ വാങ്ങിയത്. ടീമിന്റെ ഉത്തരവാദിത്തത്തിനുസരിച്ച് ഓൾ റൗണ്ടർ എന്ന നിലയിൽ ആണ് ശങ്കറിനെ ചെന്നൈ ടീമിലെത്തിച്ചത്.


വിജയ് ശങ്കറിനെക്കുറിച്ച് പറയുമ്പോൾ ക്രിക്കറ്റ് പ്രേമികളുടെ മനസിൽ പെട്ടെന്ന് വരുന്ന ചിത്രം 2019 ലെ ലോകകപ്പിലെ നാലാം നമ്പർ പൊസിഷനാണ്. അന്ന് ഇന്ത്യയുടെ നാലാം നമ്പറായി അപ്രതീക്ഷിതമായി ലോകകപ്പ് ടീമിലെത്തിയ ശങ്കര്‍ പരിക്കു മൂലം ലോകകപ്പില്‍ നിന്ന് പുറത്ത് പോവുക കൂടി ചെയ്തതോടെ ശങ്കറിന്റെ കരിയറിന്റെ നാടകീയത സോഷ്യല്‍ മീഡിയയിലൊന്നാകെ ചര്‍ച്ചയാവുകയും ചെയ്തു.

എല്ലാവരും അമ്പാട്ടി റായുഡുവോ ഋഷഭ് പന്തോ ലോകകപ്പ് ടീമിലെത്തുമെന്ന് കരുതിയെങ്കിലും അപ്രതീക്ഷിതമായാണ് വിജയ് ശങ്കര്‍ ചിത്രത്തിലേക്ക് വരുന്നത്. അന്ന് അമ്പാട്ടി റായിഡുവിനെ തഴഞ്ഞ് ശങ്കറിനെ ടീമിലെടുക്കുമ്പോള്‍ സെലക്ടര്‍മാര്‍ പറഞ്ഞത് ശങ്കര്‍ ത്രി ഡി പ്ലേയര്‍ ആണ് എന്നായിരുന്നു. അതായത് ശങ്കറിന് ബാറ്റ് ചെയ്യാനും ബോള്‍ ചെയ്യാനും ഫീല്‍ഡ് ചെയ്യാനും അറിയാമെന്നായിരുന്നു. അന്ന് ആ തീരുമാനം ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു. അമ്പാട്ടി റായുഡു ഇതിനെ വിമർശിച്ച് ട്വീറ്റ് ചെയ്തതൊക്കെ അന്ന് വിവാദമായിരുന്നു.

vijay sanker

2019 ലെ ആ ഏകദിന ലോകകപ്പിൽ ആസ്‌ട്രേലിയക്കെതിരെയുള്ള മത്സരശേഷം ടീമിലെ സ്ഥിരം ഓപണര്‍ ശിഖര്‍ ധവാന്‍ പരിക്കു മൂലം പുറത്തായതോടെ ശങ്കര്‍ പ്ലേയിങ് ഇലവനിലുമെത്തി. അതും കൊട്ടിഘോഷിക്കപ്പെട്ട നാലാം നമ്പറില്‍ തന്നെ! വലിയ സ്‌കോറൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഭാഗ്യം ശങ്കറിനൊപ്പമായിരുന്നു. പാക്കിസ്ഥാനെതിരെയുള്ള ആ മത്സരത്തില്‍ പ്രധാന ബോളറായ ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതോടെ പന്ത് കൈയ്യിലെടുത്ത ശങ്കര്‍ ആദ്യപന്തില്‍ തന്നെ വിക്കറ്റെടുത്ത് നിര്‍ണായക വഴിത്തിരിവ് നല്‍കുകയും ചെയ്തു. ഒടുവില്‍ എല്ലാം ഭദ്രമെന്ന് കരുതിയിരിക്കുമ്പോളാണ് പരിശീലനത്തിനിടെ ജസ്പ്രീത് ഭുംമ്രയുടെ പന്ത് കൊണ്ട് പരിക്കേറ്റ് വിജയ് ശങ്കറിന് ടീമില്‍ നിന്ന് പുറത്ത് പോവേണ്ടി വരുന്നത്.

Content Highlights: Sayyid Mustaq Ali Trophy: Vijay Sanker smashes 3 sixes in Hardik Pandya over

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us