ഐപിഎല്‍ താരലേലത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 27 കോടിക്കാണ് ലഖ്‌നൗ സൂപ്പർ ജയൻറ്സ് റിഷഭ് പന്തിനെ സ്വന്തമാക്കിയത്. കഴിഞ്ഞ ഒമ്പത് സീസണുകളിലായി ഡൽഹി ക്യാപിറ്റൽസിന്റെ താരവും അതിൽ കഴിഞ്ഞ മൂന്ന് വർഷം ടീമിന്റെ നായകനുമായിരുന്ന താരം നേരത്തെ ഡൽഹിയിൽ തന്നെ തുടരുമെന്ന റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായാണ് ടീമിൽ തുടരേണ്ടെന്ന നിലപാട് താരത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇതിന് കാരണം പണമല്ലെന്ന് റീട്ടെൻഷൻ ലിസ്റ്റ് പുറത്ത് വന്നതിന് പിന്നാലെ താരം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ആ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ് സഹ ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍.
പന്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വിടാനുള്ള പ്രശ്നം പണമായിരുന്നില്ലെന്നും ടീം ഉടമകളുമായുള്ള ആശയപരമായ ഭിന്നതയുടെ പേരിലാണ് താരം ടീം വിട്ടതെന്നും പാര്‍ഥ് ജിന്‍ഡാല്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'പണം ഞങ്ങള്‍ക്കും റിഷഭ് പന്തിനും ഒരു പ്രശ്നമായിരുന്നില്ല. ഞങ്ങള്‍ക്കിടയിലെ ഭിന്നത ആശയപരമായിരുന്നു. ഞങ്ങള്‍ ടീമിനെ മുന്നോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായിരുന്നു റിഷഭിന്‍റെ ചിന്ത. ഞങ്ങള്‍ ടീം ഉടമകളുടെയും റിഷഭ് പന്തിന്‍റെയും ചിന്താരീതി വ്യത്യസ്തമായിരുന്നു, പാര്‍ത്ഥ് കൂട്ടിച്ചേർത്തു. അദ്ദേഹത്തെ നിലനിർത്താന്‍ ഞങ്ങള്‍ കഴിയുന്നതെല്ലാം ചെയ്തുവെന്നും എന്നാൽ അതിന് മുമ്പേ അദ്ദേഹം തീരുമാനമെടുത്തു കഴിഞ്ഞിരുന്നുവെന്നും ആ തീരുമാനത്തെ മാനിക്കുകയാണ് പിന്നീട് ഞങ്ങൾ ചെയ്തതതെന്നും അദ്ദേഹം കൂട്ടിചേർത്തു.
Content Highlights: Pant was right, money was not the problem, the reason for the player's exit was something else; Delhi owner openly