സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തില്‍ തമിഴ്‌നാടിനെതിരെ ബറോഡയ്ക്ക് വിജയം. ആവേശം അവസാന പന്തുവരെ നീണ്ട മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് തമിഴ്‌നാടിനെ ബറോഡ തകര്‍ത്തത്. ആദ്യം ബാറ്റുചെയ്ത തമിഴ്‌നാട് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി അവസാന പന്തില്‍ ബറോഡ വിജയലക്ഷ്യത്തിലെത്തി.
ആറാം നമ്പറില്‍ ക്രീസിലെത്തിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ബറോഡയ്ക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. വെറും 30 പന്തില്‍ ഏഴ് സിക്‌സും നാല് ബൗണ്ടറിയും സഹിതം 69 റണ്‍സാണ് ഹാര്‍ദിക് അടിച്ചെടുത്തത്. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയ ഹാര്‍ദികിന്‍റെ നിര്‍ണായക പ്രകടനം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ആരാധകരെയും ആവേശത്തിലാക്കിയിരിക്കുകയാണ്.
HARD-HITTING HARDIK PANDYA: THE REASON WHY HE IS THE NO. 1 ALL-ROUNDER IN T20I CRICKET. 🥶 pic.twitter.com/AMzv3z53Pm #HardikPandya #SyedMushtaqAliTrophy #Cricket #ICCRankings #CricketTwitter
— Akaran.A (@Akaran_1) November 28, 2024
ടോസ് ലഭിച്ച ബറോഡ നായകന്‍ ക്രുനാല്‍ പാണ്ഡ്യ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ തമിഴ്‌നാട് 221 റണ്‍സ് നേടി. മൂന്ന് ഓവറില്‍ 44 റണ്‍സാണ് ഹാര്‍ദിക് പാണ്ഡ്യ ബൗളിങ്ങില്‍ വഴങ്ങിയത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിലെടുത്ത ഇന്ത്യൻ ഓൾറൗണ്ടർ വിജയ് ശങ്കറിന്റെ അവസാനനിമിഷ ക്യാമിയോ ഇന്നിങ്സാണ് തമിഴ്നാടിന്റെ സ്കോർ 200 കടത്തിയത്. 22 പന്തിൽ 42 റൺസാണ് വിജയ് ശങ്കർ നേടിയത്. അഞ്ചാമനായി ബാറ്റ് ചെയ്യാനിറങ്ങിയ വിജയ് ശങ്കർ ഹാർദിക് പാണ്ഡ്യയുടെ ഒരോവറിൽ മൂന്ന് പടുകൂറ്റൻ സിക്സറുകളാണ് നേടിയത്.
ബൗളിങ്ങില്‍ നിറം മങ്ങിയ ഹാര്‍ദിക് ബാറ്റിങ്ങിനു എത്തിയപ്പോള്‍ തനിക്ക് കിട്ടിയതെല്ലാം പലിശ സഹിതം തിരിച്ചുകൊടുത്തു. മറുപടി ബാറ്റിങില്‍ ബറോഡ 16 ഓവറില്‍ ആറിന് 152 റണ്‍സില്‍ നില്‍ക്കവെയാണ് ഹാര്‍ദിക് ക്രീസിലെത്തിയത്. തൊട്ടടുത്ത ഓവറില്‍ തന്നെ അദ്ദേഹം കളി മാറ്റുകയും ചെയ്തു. കഴിഞ്ഞ മെഗാ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങിയ പേസര്‍ ഗുര്‍ജപ്‌നീത് സിങ്ങാണ് ഹാര്‍ദിക്കിന്റെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞത്. ഗുര്‍ജപ്‌നീതിന്റെ ഓരോവറില്‍ നാല് സിക്‌സും ഒരു ഫോറും സഹിതം 29 റണ്‍സാണ് ഹാര്‍ദിക് സ്‌കോര്‍ ചെയ്തത്.
Content Highlights: Syed Mushtaq Ali: Hardik Pandya’s 69 off 30 balls leads Baroda to victory over Tamil Nadu