ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരമായ അഡ്‌ലൈഡ് ടെസ്റ്റ് ഡിസംബർ ആറ് മുതലാണ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റിൽ ഇന്ത്യ ഓസ്‌ട്രേലിയയെ 295 റൺസിന് തോൽപ്പിച്ചിരുന്നു. ഇപ്പോഴിതാ ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള
തന്റെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റായ ചേതേശ്വര്‍ പുജാര.
വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ ടെസ്റ്റ് നഷ്ടമായ നായകന്‍ രോഹിത് ശര്‍മ ഇതിനോടകം ടീമിനൊപ്പം ചേർന്നു കഴിഞ്ഞിരുന്നു. പരിക്ക് ഭേദമായ യുവതാരം ശുഭ്മന്‍ ഗില്ലും രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ തയ്യാറായിക്കഴിഞ്ഞതായാണ് വിവരം. ഇവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുമ്പോൾ പുജാര നിർദേശിക്കുന്ന പുതിയ മാറ്റങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
ഓപ്പണിങ്ങിൽ മാറ്റം വരുത്തരുതെന്നാണ് പുജാരയുടെ ആദ്യ നിർദേശം. ഇന്ത്യക്ക് വേണ്ടി കെഎല്‍ രാഹുലും യശസ്വി ജയ്‌സ്വാളും ചേര്‍ന്നാണ് ഒന്നാം ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്തത്. ഈ റോള്‍ ഇരുവരും ഭംഗിയാക്കുകയും ചെയ്തിരുന്നു. 26, 77 എന്നിങ്ങനെയായിരുന്നു രാഹുലിന്റെ സ്‌കോറുകള്‍. ആദ്യ ഇന്നിങ്സിൽ പരാജയപ്പെട്ടെങ്കിലും രണ്ടാം ഇന്നിങ്സിൽ ജയ്‌സ്വാൾ 161 റൺസിന്റെ തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. രണ്ടാം ടെസ്റ്റിലും ഇതേ ഓപ്പണിങ് കോമ്പിനേഷന്‍ തന്നെ തുടരണമെന്നാണ് ചേതേശ്വര്‍ പുജാര ആവശ്യപ്പെട്ടിരിക്കുന്നത്. നായകന്‍ രോഹിത് ശര്‍മയ്ക്കും ഗില്ലിനും അദ്ദേഹം പുതിയ റോള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു.
രോഹിത് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നാണ് പുജാരയുടെ നിർദേശം. ശുഭ്മന്‍ ഗില്‍ അഞ്ചാം നമ്പറിലും കളിക്കണമെന്നും ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയോട് ചേതേശ്വര്‍ പുജാര പറഞ്ഞു. മുമ്പ് ഓപ്പണിങ് റോളിൽ കളിച്ചിരുന്ന ഗിൽ വരുമ്പോൾ നിലവിലെ ഓപ്പണിങ് ജോഡിയെ എന്ത് ചെയ്യുമെന്ന അനിശ്ചിതത്വം നിലനിൽക്കെ കൂടിയാണ് പൂജാരയുടെ നിർദേശം. റിഷഭ് പന്തിനെ ന്യൂബോളിന് ശേഷം ഇറക്കുന്നതാവും പുജാര അഭിപ്രായപ്പെട്ടു. ബോള്‍ പഴയതായി മാറിയ ശേഷം ബാറ്റ് ചെയ്യുകയാണെങ്കിൽ കുറഞ്ഞ പന്തുകളിൽ നിന്ന് കൂടുതൽ റൺസ് എളുപ്പത്തിൽ നേടാൻ പന്തിന് സാധിക്കുമെന്നും പുജാര പറഞ്ഞു.
Content Highlights: Pujara picks indian xi for 2nd test