ടെസ്റ്റ് ക്രിക്കറ്റിൽ 9,000 റൺസിലെത്തുന്ന ആദ്യ ന്യൂസിലാൻഡ് താരമായി കെയ്ൻ വില്യംസൺ. 103-ാം ടെസ്റ്റ് മത്സരത്തിലാണ് വില്യംസൺ ന്യൂസിലാൻഡ‍് ക്രിക്കറ്റിനായി ചരിത്ര നേട്ടം സ്വന്തമാക്കിയത്. 182 ഇന്നിംഗ്സുകളിൽ നിന്നായി 9,035 റൺസാണ് വില്യംസൺ നേടിയിരിക്കുന്നത്. 7,683 റൺസ് നേടിയ റോസ് ടെയ്ലറാണ് ന്യൂസിലാൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം. സ്റ്റീഫൻ ഫ്ലെമിങ്ങ് 7,162 റൺസും നേടി.
ഇന്ത്യൻ താരം വിരാട് കോഹ്‍ലിയും ഇംഗ്ലണ്ടിന്റെ ജോ റൂട്ടും 9,000 റൺസിൽ എത്തിയതിനേക്കാൾ വേഗത്തിലാണ് കെയ്ൻ വില്യംസൺ നേട്ടം സ്വന്തമാക്കിയത്. വില്യംസൺ 182 ഇന്നിംഗ്സിൽ 9,000 റൺസ് പിന്നിട്ടപ്പോൾ ജോ റൂട്ട് 196 ഇന്നിംഗ്സിൽ നിന്നാണ് നേട്ടത്തിലെത്തിയത്. വിരാട് കോഹ്‍ലിക്ക് 9,000 റൺസ് പിന്നിടാൻ 197 ഇന്നിംഗ്സുകൾ വേണ്ടിവന്നു. 9,000 റൺസിലെത്തുന്ന ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ 19-ാമത്തെ താരവുമാണ് കെയ്ൻ വില്യംസൺ.
അതിനിടെ ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയപ്രതീക്ഷയിലാണ്. മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സ് ബാറ്റ് ചെയ്യുന്ന ന്യൂസിലാൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെന്ന നിലയിലാണ്. നാല് റൺസിന്റെ മാത്രം രണ്ടാം ഇന്നിംഗ്സ് ലീഡാണ് കിവീസിന് നിലവിലുള്ളത്. സ്കോർ ന്യൂസിലാൻഡ് ഒന്നാം ഇന്നിംഗ്സിൽ 348. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 499, ന്യൂസിലാൻഡ് ഒന്നാം ഇന്നിംഗ്സിൽ ആറിന് 155.
നേരത്തെ അഞ്ചിന് 319 എന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിവസം രാവിലെ ബാറ്റിങ് ആരംഭിച്ചത്. 171 റൺസ് നേടിയ ഹാരി ബ്രൂക്കിന്റെയും 80 റൺസെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെയും മികവിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 499 എന്ന സ്കോറിലെത്തി. ഗസ് ആറ്റ്കിൻസൺ 48 റൺസും ബ്രൈഡൻ കാർസ് പുറത്താകാതെ 33 റൺസും നേടി. രണ്ടാം ദിവസം ഒലി പോപ്പിന്റെ 77 റൺസും ഇംഗ്ലീഷ് മുന്നേറ്റത്തിന് സഹായകരമായി. ന്യൂസിലാൻഡിനായി മാറ്റ് ഹെൻറി നാലും നഥാൻ സ്മിത്ത് മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡ് നിരയിൽ കെയ്ൻ വില്യംസൺ നേടിയ 61 റൺസാണ് നിലവിലെ ടോപ് സ്കോർ. 31 റൺസുമായി ക്രീസിൽ തുടരുന്ന ഡാരൽ മിച്ചലിലാണ് കിവീസ് നിരയുടെ അവശേഷിച്ച പ്രതീക്ഷകൾ. ഇംഗ്ലണ്ടിനായി ക്രിസ് വോക്സും ബ്രൈഡൻ കാർസും മൂന്ന് വീതം വിക്കറ്റുകൾ നേടിയിട്ടുണ്ട്.
Content Highlights: Kane Williamson beats Virat Kohli, Joe Root for stellar Test run-scoring milestone; first NZ player to achieve feat